(ചെറുകഥ)
പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്.. പക്ഷെ എഴുതാനൊന്നും എനിക്കറിയില്ല..
സോമപ്രഭ അതാണ് എന്റെ പേര്... സോമ എന്ന് വിളിക്കും..
സോമരസം പകരുക എന്ന എന്റെ ജോലി കൊണ്ട് കിട്ടിയ പേരൊന്നുമല്ല ....
പേരിനെ അന്വര്‍ഥമാക്കുന്ന തൊഴില്‍ സമ്പാദിക്കാനായി എന്ന് മാത്രം..
ഈ തൊഴിലില്‍ ഞാന്‍ സംതൃപ്തയാണോ?
തൊഴിലില്‍ ഞാന്‍ അതൃപ്തയൊന്നുമല്ല .. പക്ഷെ ആസ്വദിച്ചല്ല ജോലി ചെയ്യുന്നത്..
ബാറിലെ പണി.. അതിനി ഞാനെത്ര നല്ലവള്‍ ആണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചാലും വലിയ ഗുണമൊന്നുമില്ല.
തീവ്രമായ വേദനയോടു കൂടി പറയേണ്ട ഒരു സംഗതി തന്നെയാണ്.. ഈ വിലയില്ലായ്മയെ ഞാന്‍ വില കൊടുത്തു വാങ്ങിയതല്ല..
പക്ഷെ ചില തൊഴില്‍ രംഗങ്ങള്‍ അങ്ങനെയാണ്.. ഒരു വിധത്തിലും ബഹുമാനം ലഭിക്കില്ല..
"പണം തരേണ്ടത് ഈ കള്ളു കുടിയന്മാര്‍ ആണ്. അവരെ ചിരിപ്പിക്കുക, സന്തോഷിപ്പിക്കുക,ധാരാളം കുടിപ്പിക്കുക, അത്യാവശ്യം തട്ടും, മുട്ടും കണ്ടില്ലെന്നു നടിക്കുക.. അവരെ രസിപ്പിച്ചു വീണ്ടും വീണ്ടും ആകര്‍ഷിക്കുക".. ഇതാണ് ആദ്യമായി ജോലിയില്‍ ചേര്‍ന്നപ്പോള്‍ കിട്ടിയ നിര്‍ദ്ദേശം.. "ശമ്പളം എന്ന് പറഞ്ഞു വലിയൊരു തുക പ്രതീക്ഷിക്കണ്ട..ഭക്ഷണം, താമസം, പിന്നെ വളരെ ചെറിയ ഒരു തുകയും തരാം.. നിന്റെ മിടുക്ക് കൊണ്ട് നീ എത്ര ടിപ്പ് ഉണ്ടാക്കിയാലും ഇവിടാരും ചോദ്യം ചെയ്യില്ല.. കസ്റ്റമര്‍ അതാണ് ബാറിന്റെ ഉന്നം.. അയാളെ ആകര്‍ഷിച്ചു വീണ്ടും വീണ്ടും എത്തിച്ചാല്‍ നീ ബാറിനു വേണ്ടപ്പെട്ടവളായി.. "
മുന്നില്‍ വന്നിരിക്കുന്ന ചില ആളുകള്‍ മരിച്ചു പോയ അച്ഛന്റെയും, ശ്യാമേട്ടന്റെയും ഒക്കെ പ്രായക്കാര്‍ ആണ്..
അര്‍ത്ഥം വച്ച സംസാരങ്ങളും, വൃത്തികെട്ട നോട്ടവും സഹിച്ചു അവരുടെ വില കുറഞ്ഞ തമാശയില്‍ ഞാന്‍ പങ്കു ചേര്‍ന്ന് കുലുങ്ങി ചിരിക്കുമ്പോള്‍., അവരുടെയൊക്കെ ധാരണ ഞാന്‍ അവരെ കണ്ടു മയങ്ങിയതാനെന്നോ അല്ലെങ്കില്‍ ഞാന്‍ അല്പം പിഴയാണ് എന്നോ, എന്തിനും പോന്നവള്‍ ആണെന്നോ ഒക്കെയാണ്..
എനിക്ക് വേണ്ടത് പണം.. ബാറിനു വേണ്ടത് ഒരു മുഴുക്കുടിയനെ... കണ്ണടക്കണം...
ഞാനെത്ര, എന്റെ മഹത്വം വിളിചോതാന്‍ ശ്രമിച്ചാലും ഒന്നും വില പോകില്ല.
ഒരു വനിതാ ഡോക്ടര്‍ പുരുഷശരീരം കാണുന്ന അത്ര പോലും ഞങ്ങള്‍ ബാര്‍ സ്ത്രീകള്‍ കാണുന്നില്ല.
പക്ഷെ നിന്ദിക്കപെട്ടവരായി കണക്കാക്കി ഞങ്ങളെ തള്ളി കളഞ്ഞിരിക്കുന്നു..
അഭിസാരികയെ കാണും പോലെയാണ് പലരും ഞങ്ങളെ സമീപിക്കുന്നത്..
ഇതും ഒരു ജോലി.. മാന്യമെന്നു നിങ്ങള്‍ ഒരു പക്ഷെ പറയില്ലെങ്കിലും ഞങ്ങള്‍, ഈ തൊഴില്‍ ചെയ്യുന്ന കുറെ പേരെങ്കിലും നെഞ്ചില്‍ കൈ ചേര്‍ത്ത് വച്ച് ഉറപ്പു പറയുന്നു, ഇത് മാന്യമായി മറ്റേതൊരു തൊഴില്‍ പോലെയുമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന്..
ആദ്യം ഭയമായിരുന്നു.. അറപ്പും, വെറുപ്പുമായിരുന്നു ഈ മുതുകാളകളുടെകാമകോപ്രായങ്ങള്‍ കാണുമ്പോള്‍.. ---!!!!!
ഈ പാഴ്ജന്മങ്ങള്‍ ഈ വിധം പെരുമാറുന്നത് കൊണ്ടല്ലേ എന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറിയത്?
ഇവര്‍ ഇവരുടെ നിലവാരം മറക്കുന്നതല്ലേ എന്റെ വരുമാനം.. ഞാന്‍ മാനം വിറ്റിട്ടില്ലല്ലോ..
കറുത്ത ചാലിലെ അഴുക്കിനെ അറപ്പോടെ നാം നോക്കുന്നു.. പുഴുക്കളും, കൃമികളും ആ വൃത്തികേടില്‍ കിടന്നു തുള്ളി മറിയുന്നില്ലേ.. എന്ത് കൊണ്ട്? എന്ത് കൊണ്ട്? അതു അവയുടെ അന്നമായത് കൊണ്ട് തന്നെ.. ഞാനും അതെ.. ചാലിലെ കൃമിയെ പോലെ ഈ വൃത്തികെട്ട അഴുക്കുജന്മങ്ങളെ സ്നേഹിക്കാന്‍ അങ്ങനെ തീരുമാനിച്ചു.. അവര്‍ക്ക് നേരെ ചിരിക്കാന്‍ പഠിച്ചു..
എന്റെ അവയവങ്ങളെ അവരുടെ വികാരം ഉയര്‍ത്താന്‍ തോന്നുമാറ് അലങ്കരിച്ചു.. ഞാന്‍ ചീത്തയായതല്ല...
സോമപ്രഭ ഒരിക്കലും പ്രഭ ഇല്ലാതെ ജീവിച്ചിട്ടില്ല..
ഞാന്‍ സോമരസം പകരും.. അതെന്റെ ഉപജീവനം..
3 comments:
സോമപ്രഭയ്ക്ക് പറയാനുള്ളത് അലോസരമുണ്ടാക്കുന്നതാണെങ്കിലും നമ്മുടെ സമൂഹത്തില്‍ സോമപ്രഭമാര്‍ ഒത്തിരിയുണ്ട്.
സ്ത്രീക്ക് കല്‍പ്പിച്ച കപടസദാചാര വിലക്കുകള്‍ എന്നഴിയുന്നോ , സ്ത്രീയെന്ന വാക്കിന്റെ പര്യായമല്ല കാമം എന്ന് എപ്പോള്‍ തിരിച്ചറിയുന്നോ, അന്ന് സോമ പ്രഭ ചൊരിയും ..
നന്നായിട്ടുണ്ട് . ശക്തമായ എഴുത്ത് ...തുടര്‍ന്നെഴുതൂ !
Touching
Post a Comment