Friday 12 October 2012

ബലാല്‍സംഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒറ്റമൂലി - താലി



(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍.. ))

വിവാഹപ്രായം ഉയര്‍ത്തിയാല്‍ എങ്ങിനെയാണ് ബലാത്സംഗ നിരക്ക് കുറയ്ക്കാമെന്ന് ശ്രീ ഓം പ്രകാശ്‌ പ്രസ്താവിച്ചത്?? ഹരിയാനയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചാല്‍ പിന്നീടവരെ ആരും ബലാല്‍സംഗം ചെയ്യില്ലെന്ന് ചവ്ത്താലസാറിനു ഉറപ്പു പറയാന്‍ സാധിക്കുമോ?? 
അപ്പോള്‍ വിവാഹത്തോടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാം എന്നാണോ ഉദ്ദേശിച്ചത്? സ്ത്രീയെ പിച്ചി ചീന്താന്‍ വരുന്നവന്‍ അവളുടെ നെഞ്ചിലെക്കൊന്നു  നോക്കും.. അവിടെ താലി കണ്ടാല്‍ സലാം സഹോദരി എന്ന് പറഞ്ഞു ആ വിദ്വാന്‍ നടന്നു നീങ്ങും.. അതായിരിക്കുമോ സംഭവിക്കുക? 
അല്ലയോ മഹാനായ ചവ്താല.. പ്രസവിച്ചു ഭൂമി കണ്ട ഉടന്‍ അവളെ ഒരു താലി ചാര്‍ത്തിച്ചേക്കൂ... ആ നിമിഷം നഷ്ടപെടുന്ന സുരക്ഷിതത്വം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്ന വാഗ്ദാനം നീട്ടിയാല്‍ തയ്യാര്‍..... 
സ്ത്രീക്ക് വിവാഹപ്രായം നിശ്ചയിക്കാന്‍ ഇയാള്‍ കാണിക്കുന്ന ഈ ശുഷ്കാന്തി പുരുഷന്‍റെ പൌരുഷം നശിപ്പിക്കാന്‍ കാണിച്ചാല്‍ ഒരു പക്ഷെ ഈ പ്രശ്നം കുറെ കൂടി എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു.. 

Saturday 6 October 2012

ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ്



(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )





ബാക്ക്ടീരിയക്ക്‌ വന്‍ ഡിമാണ്ട്... കുറച്ചു ബാക്ടീരിയകുഞ്ഞുങ്ങളെ  മൊത്തമായോ, ചില്ലറയായോ തരപ്പെടുത്താന്‍ എന്ത് വഴി? സാധാരണ ബാക്ടീരിയയെ കിട്ടിയിട്ട് കാര്യമില്ല.. കിട്ടുകയാണെങ്കില്‍ ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വമ്പനെ തന്നെ സംഘടിപ്പിക്കണം... ഗോള്‍ഡ് ക്ലോറൈഡിലും ദ്രവ സ്വര്‍ണ്ണത്തിലും പെരുകാന്‍ കഴിയുന്നവയാണ് മെറ്റാലിഡ്യൂറന്‍സ് ബാക് ടീരിയകള്‍ എന്ന് പറയുന്നു.. മിച്ചിഗന്‍ യുനിവേര്‍സിറ്റി ആണ്  ഈ സംഗതി പുറത്തു വിട്ടിരിക്കുന്നത്.. 

ഇനി നമ്മള്‍ കേരളീയ മങ്കകള്‍ അമേരിക്കയിലുള്ള മക്കളോടും ബന്ധുക്കളോടും പറഞ്ഞ്  ക്യൂപ്രിയാവിഡസ് മെറ്റാലിഡ്യൂറന്‍സ് എന്ന വീരനെ സംഘടിപ്പികുമോ എന്തോ?? അതോ നാട്ടില്‍ കിട്ടുന്ന സാധാ ബാക്ടീരിയകളെ മൈക്രോബിയല്‍ ആല്‍ക്കെമി എന്ന വിദ്യ പഠിപ്പിക്കണോ? (തട്ടാന്മാരെ പോലെ ഇവന്മാര്‍ ലോഹത്തില്‍ പണിയെടുക്കുന്നതിന്റെ പേരാണ് മൈക്രോബിയല്‍ ആല്‍ക്കെമി).

എന്തായാലും നമ്മുടെ ചാലിലും, ഓടയിലും നുളക്കുന്ന കരിമന്തന്മാരെ കൂടി ഒന്നെടുത്തു പരിശോധിപ്പിക്കണം... എന്തെങ്കിലും ലോഹത്തില്‍ വച്ച് നോക്കി സ്വര്‍ണ്ണ മാക്കുന്നുണ്ടോ എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ തൃശൂര്‍ മാര്‍ക്കെറ്റിലെ സ്വര്‍ണ്ണ മുതലാളിമാരായ ജോയ് ആലുക്കാസിനെയും, ജോസ് ആലുക്കാസിനെയും, കല്യാണ്‍ സ്വാമിയെയും മുട്ട് കുത്തിക്കാം... നമുക്ക് നാട്ടില്‍ ബാക്ടീരിയകളെ പെരുപ്പിച്ചെടുക്കാം ..