Thursday, 10 May 2012

നട്ടെല്ല്


നട്ടെല്ല് എന്ത് കൊണ്ടാണ് ഇത്രയും പ്രാമുഖ്യമുള്ള എല്ലായി മാറിയത്?
ആണത്തമില്ലാത്ത പുരുഷന്മാരെ നട്ടെല്ല് ഇല്ലാത്തവര്‍ എന്ന് വിളിക്കുന്നു... 
എന്ത് കൊണ്ട്? എന്ത് കൊണ്ട്? 
നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് വേണം.. അല്ലെ? 
നിവര്‍ന്നു നില്ക്കാന്‍ കെല്‍പ്പില്ലാതെ  അവസരത്തിലും, അനവസരത്തിലും   നടു വളച്ചൊടിച്ചു ചുരുങ്ങി കൂടി നില്‍ക്കുന്ന പുരുഷന്മാര്‍ നട്ടെല്ല് ഇല്ലാത്തവര്‍ തന്നെ.. അങ്ങനെ തന്നെയല്ലേ പറയേണ്ടത്?
അപ്പൊ സ്ത്രീയോ? അവള്‍ക്കും നട്ടെല്ല് പ്രധാനമല്ലേ? അതോ അവള്‍ അതു വളച്ചൊടിച്ചു നിന്നാലേ നല്ലവള്‍ എന്ന പേര് കിട്ടൂ? 
സ്ത്രീ ഭയന്ന്, ഒതുങ്ങി, അഭിപ്രായങ്ങളില്ലാത്തവള്‍ ആയി നില കൊണ്ടാലേ ബഹുമാനം കിട്ടൂ എന്ന സ്ഥിതി ഏറെ കുറെ മാറിയിരിക്കുന്നു.. ഇല്ലേ.. അങ്ങനെയല്ലേ? 
എന്നാലിന്നും, അങ്ങിനെ പമ്മിയിരിക്കുന്ന പൂച്ചക്കുട്ടികള്‍ ആണ് പാവങ്ങള്‍ എന്നൊരു പറച്ചിലുണ്ട്..
(അതായത് നട്ടെല്ല് യഥേഷ്ടം വളച്ചു പിടിക്കാവുന്ന സ്ത്രീകള്‍)
 അവരെ വളരെ സ്നേഹത്തോടെ കൊഞ്ചിക്കുന്ന പലരെയും കണ്ടിട്ടുണ്ട്.. സത്യത്തില്‍ മിണ്ടാതിരിക്കലും, പാവമഭിനയിക്കലും മാറ്റി നിറുത്തിയാല്‍ നട്ടെല്ലുള്ള സ്ത്രീകള്‍ അഭിപ്രായം പറയാന്‍ ധൈര്യം ഉള്ളവരായിരിക്കും.. 
നട്ടെല്ല് എന്ന ഈ എല്ല് സ്ത്രീക്കായാലും, പുരുഷനായാലും വളരെ പ്രാധാന്യമുള്ളത് തന്നെ.. 
പറയാനുള്ളത് പറയാനും, ചെയ്യാനുള്ളത് ചെയ്യാനും നട്ടെല്ല് വളക്കാതെ സത്യങ്ങള്‍ പറയാനും കഴിവുള്ളവരെ തന്നെയേ അംഗീകരിക്കേണ്ട കാര്യമുള്ളൂ. 
പക്ഷെ ഞാന്‍ ചിന്തിച്ചു..എന്‍റെ നട്ടെല്ല് ഞാന്‍ ഇപ്പോഴും നിവര്‍ത്തിയാണോ പിടിക്കുന്നത്‌?
അല്ല.... പേടിച്ചും, പലരെയും വെറുപ്പിക്കേണ്ട എന്ന് കരുതിയും ഞാനും അധിക സമയവും എന്‍റെ നട്ടെല്ലിനെ ചുരുട്ടി, പാമ്പ്, പാമ്പാട്ടിയുടെ കൂടയില്‍ കിടക്കും പോലെ ആണ് വച്ചിരിക്കുന്നത്.. 
പിന്നെ എനിക്ക് ഈ പ്രസംഗമെഴുതാന്‍ എന്ത് യോഗ്യത? എന്നാലും ഈ ബ്ലോഗിങ്ങ് തുടങ്ങിയതില്‍ പിന്നെ എനിക്കെന്‍റെ നട്ടെല്ല് നിവര്‍ത്തി പിടിക്കാന്‍ അവസരം കിട്ടുന്നുണ്ട്‌ എന്നൊരു സന്തോഷമുണ്ട്.. 
(നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങല്ലേ എഴുതപ്പെടുന്നത്‌? അപ്പോള്‍ ഇതും ഒരു ഒളിച്ചോട്ടമോ, ഒളിച്ചുകളിയോ  ഒക്കെയല്ലേ?  )Friday, 4 May 2012

എവിടെ പോയി മുല്ലപെരിയാരും, ചേട്ടന്മാരും?


നിങ്ങള്‍ക്ക് സാമൂഹ്യബോധമുണ്ടോ?
സഹജീവികളോട് സഹാനുഭൂതിയുണ്ടോ? 
നിങ്ങളെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹതയുള്ളവരെ കുറിച്ച് നിങ്ങള്‍ ഇത് വരെ ചിന്തിച്ചിട്ടുണ്ടോ?
മുല്ലപ്പെരിയാര്‍ അണകെട്ട് ഇന്നോ നാളെയോ പൊട്ടി തെറിക്കും.. 
നിങ്ങള്‍ ഇവിടെ ഇങ്ങനെ അനങ്ങാ പാറ  പോലിരിക്കുന്നത്‌ മനസ്സാക്ഷിയുടെ കുറവ് കൊണ്ട് മാത്രമല്ലെ.,... 

ഇതൊന്നും എന്‍റെ വാക്കുകളല്ല.. ഒരാറു മാസം മുന്‍പ് ഇവിടെ പല വേദികളിലും പല  മഹാന്മാരും ഉദ്ഘോഷിച്ച മൊഴിമുത്തുകള്‍ ആണ്. ഇപ്പോള്‍ അവര്‍ തിരക്കിലാണ്..  ഏതൊരു സാധാരണ മാധ്യമത്തെ പോലെയും തരം
 താണിരിക്കുന്നു.. പുതിയ വാര്‍ത്തകളില്‍ പഴയ വാര്‍ത്തകള്‍ മുങ്ങി പോയിരിക്കുന്നു...
അടുത്ത വാര്‍ത്ത അന്വേഷിച്ചു മുല്ലപെരിയാരിനെയും മറന്നു മുന്നേറിയിരിക്കുന്നു..   (അപ്പൊ ഇത്രെയേ ഉണ്ടായിരുന്നുള്ളൂ ആ അണകെട്ടിന്റെ പ്രാധാന്യം?) 

എന്‍റെ അറിവ് ശരിയാണെങ്കില്‍ മുല്ലപെരിയാര്‍ പൊട്ടി തെറിച്ചിട്ടില്ല ഇത് വരെ.. 
ഇപ്പോഴും അതിന്‍റെ പരിസര പ്രദേശങ്ങളില്‍ ജീവിച്ചവര്‍ അവിടെ തന്നെയുണ്ട്‌.. (അതോ ഈ മഹാന്മാര്‍ കൂട്ടം ചേര്‍ന്ന് പോയി അവരെ പുനരധിവസിപ്പിച്ചോ?)
ആ ആവേശം കണ്ടപ്പോള്‍ ഞാനന്ന് തെറ്റിദ്ധരിച്ചു പോയി.. ഇവരൊക്കെ കൂടി എന്തൊക്കെയോ ചെയ്യാന്‍ പോകുന്നു എന്ന്.. 
ഇല്ലന്നെ.. എല്ലാം വെറും നാടകങ്ങള്‍..
 (ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും, അവര്‍ എന്നല്ല ആര് കൂട്ടിയാലും ഒന്നും നടക്കില്ല.. അതു വ്യവസ്ഥിതിയുടെ തകരാറാണ്.. അതിനു ഒരു കൂട്ടത്തെ പഴിച്ചു അവരെ നിരുത്സാഹപ്പെടുത്തരുത്‌ എന്നൊക്കെ.. )

ഇറ്റലിയും, സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിങ്ങും, മുസ്ലിം ലീഗും എല്ലാം കൂടി നല്ല വിരുന്നൊരുക്കിയിരിക്കുന്നു... അപ്പോള്‍ നമ്മുടെ വികാരം കൊണ്ട സര്‍വ്വ ചേട്ടന്മാരും മദാമ്മയുടെയും, വെള്ള പട്ടാളത്തിന്റെയും വിശേഷം അറിയാന്‍ ഓടിയിരിക്കുന്നു.. പിന്നെ മുല്ലപെരിയാര്‍ നോക്കാനും അവര്‍ക്ക് വേണ്ടി എഴുതി കൂട്ടാനും എവിടെ സമയം അല്ലെ.. 
പുതിയ വിഷയങ്ങളെ തൃണവല്‍ഗണിക്കൂ എന്നല്ല എന്‍റെ ആഹ്വാനം..
 പക്ഷെ കാട്ടി കൂട്ടിയ ആവേശത്തിന്റെ അളവല്‍പ്പം കുറയ്ക്കാമായിരുന്നു ചേട്ടന്മാര്‍ക്ക്... 
ഇത്തരം കൊപ്രയങ്ങള്‍ക്ക് കൂട്ട് നിലക്കത്തവരെ പഴിക്കാതിരിക്കാമായിരുന്നു, ഇത് പോലൊരു മറവി ഇവര്‍ക്ക് സാധ്യമാകുമായിരുന്നെങ്കില്‍.. 

Thursday, 3 May 2012

കൊല


നിങ്ങള്‍ക്ക് ഒരാളെ കൊല്ലണം എന്നുണ്ടെങ്കില്‍ രണ്ടു മാര്‍ഗ്ഗമുണ്ട്.. 
  • ഒന്ന് നേരിട്ട് പോയി അയാളെ അങ്ങ് ശരിപ്പെടുത്താം.. 
  • അല്ലെങ്കില്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്താം.. 
രണ്ടായാലും കൊല, കൊല തന്നെ... അതോ അങ്ങനെയല്ലേ?