കസേരക്ക് കടി പിടി കൂടുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനം കുത്തല്‍..
അയാളുടെ മഞ്ഞ കണ്ണുകള്‍ അവശമായിരുന്നു.. പക്ഷെ അതിലെ തിളക്കം നഷ്ടമായിരുന്നില്ല.. ശരീരം ശോഷിച്ച്, താടിയെല്ലുകള്‍ കൂര്‍ത്ത്, കവിളെല്ലുകള്‍ ഉന്തി, നരച്ച, താടിയിലും മുടിയിലും എണ്ണ പുരളാതെ അയാള്‍ വികൃതമായ രൂപത്തിലായിരുന്നു..
പക്ഷെ ഉത്തരത്തിലെ ഗൌളിയെ പോലെ അയാള്‍ ആ കസേരയെ വട്ടം പിടിച്ചു അതില്‍ ഒട്ടി ചേര്‍ന്നിരുന്നിരുന്നു..
സമയമായി... കാലന്‍ ചിത്രഗുപ്തനോട് പറഞ്ഞു.. ഇയാളെ ആ കസേരയില്‍ നിന്ന് ഇറക്കാന്‍ അവിടെയുള്ളവര്‍ക്ക് കഴിയില്ലേ?
നമ്മള്‍ വിളിക്കാന്‍ ചെല്ലുമ്പോള്‍,കൂടെ വരാന്‍ ഇയാള്‍ വിസമ്മതിക്കുമോ...
ചിത്രഗുപ്തന്‍ തല ചൊറിഞ്ഞു.. നമ്മള്‍ വലയും പ്രഭോ.. ഇയാള്‍ അനങ്ങില്ല..
മാതാപിതാക്കള്‍ പോയി.. ഭാര്യ മരിച്ചു.. മക്കള്‍ മരിച്ചു.. കൂട്ടുകാര്‍ .. ബന്ധുക്കള്‍ അങ്ങിനെ ഒരുപാടു വിയോഗങ്ങള്‍ ഇയാള്‍ കണ്ടു.. പക്ഷെ എന്നിട്ടും അയാള്‍ ഈ കസേര വിട്ടില്ല..
അതില്‍ തന്നെ അള്ളി പിടിച്ചിരുന്നു.. അയാളുടെ മഞ്ഞ കണ്ണുകള്‍ കണ്ടോ പ്രഭോ? മറ്റു അവയവങ്ങള്‍ പോലെയാണോ അത്?
കസേരയെ വിട്ടു കൊടുക്കില്ല എന്ന വാശിയില്‍ നിന്നുയരുന്ന പ്രഭയാണ് ആ മഞ്ഞപ്പ്...
നമ്മള്‍ തോല്‍ക്കും...
നമ്മള്‍ തോല്‍ക്കനുള്ളവര്‍ അല്ലെന്നു മറന്നോ ചിത്രഗുപ്താ.. അനുവാദം കാത്തു നമ്മള്‍ എവിടെയും അഭയാര്‍ഥിയുടെ വേഷം കെട്ടി നിന്നിട്ടില്ല.. അങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ നമ്മുക്ക്?
പ്രഭോ.. ഇത് കളി വേറെ.. കാര്യവും വേറെ..
ഇയാളുടെ ശരീരം മാത്രമല്ല ആ കസേരയില്‍ ഒട്ടി ചേര്‍ന്നിരിക്കുന്നത്.. അങ്ങ് നോക്കിയാലും.. ആത്മാവ് ആ കസേരയെ അള്ളി പിടിച്ചിട്ടുണ്ട്.. അതു അവിടെ അടര്‍ത്തിയെടുക്കാന്‍ നാം പരാജിതരായേക്കും...
ഇനി എന്താണ് ഒരു വഴി..
ആത്മവല്ലാത്ത ഒന്നിനെയും പരലോകത്തേക്കു കൊണ്ട് പോകാന്‍ കഴിയില്ലല്ലോ ചിത്രഗുപ്താ...
പ്രഭോ അങ്ങ് എങ്കില്‍ ആ കസേരക്ക് ഒരു ആത്മാവിനെ കൊടുക്കാമോ?
അസാധ്യം.. അസാധ്യം ചിത്രഗുപ്താ..
എങ്കില്‍ പ്രഭോ നമ്മള്‍ തോറ്റു പോയിരിക്കുന്നു.. ചിത്രഗുപ്തന്‍ നിരാശനായി തല കുനിച്ചു..
കാലന്‍ ചിന്താധീനനും വിഷണ്ണനും ആയി ഇടനാഴിയിലൂടെ നടന്നു..
ഒടുവില്‍ തിരിഞ്ഞു ചിത്രഗുപ്തനോട് പറഞ്ഞു.. ഗുപ്താ.. ഞാന്‍ തോറ്റിരിക്കുന്നു...
ഓം .. ഓം.. കസേരക്ക് ആതാമാവുണ്ടാകട്ടെ... ഓം..
കാറ്റും, മഴയും, ചെറിയ ഒരു ഭൂമി കുലുക്കവുമുണ്ടായി..
കസേര ആകെ ഒന്ന് കുലുങ്ങി.. മുറിയാകെ കേള്‍ക്കുന്ന ഒരു നിശ്വാസം ഉതിര്‍ന്നു വീണു..
നിമിഷങ്ങള്‍ക്കകം കസേരയിലെ വൃദ്ധന്‍ നിലത്തു വന്നു വീണു..
നന്ദി കാലാ.. നന്ദി.. എനിക്കൊരു ആത്മാവ് തന്നപ്പോഴേ എനിക്കൊന്നു പ്രതികരിക്കാന്‍ കഴിഞ്ഞുള്ളൂ...
വര്‍ഷങ്ങളായി ഇയാളെ ചുമന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു.... ഇങ്ങനെയൊരു ദിവസത്തിന് നന്ദി..
അമ്പരന്ന കാലന് മുന്നിലൂടെ നിരങ്ങി നിരങ്ങി ആ കസേര മുന്നോട്ടു പോയി..
മനുഷ്യന്‍ കാണാത്ത ഏതോ സ്ഥലം തേടി..
താഴെ ചുരുണ്ട് കിടന്ന വൃദ്ധന്‍ ദയനീയമായി കാലനെ നോക്കി..
പിന്നെ മുറിക്കു മുക്കിലെ മറ്റൊരു കസേരയെ ലക്ഷ്യമാക്കി നിരങ്ങി നീങ്ങി...
7 comments:
മനോഹരമായ ഭാഷയില്‍ നല്ലൊരു കഥ....
(ഈ വേഡ് വേരിഫിക്കേഷന്‍ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു ട്ടോ....)
നന്ദി കുഞ്ഞൂസ്.. :)
കഥ വായിച്ചു ഇഷ്ട്ടപ്പെട്ടു ... കുഞ്ഞൂസ് പറഞ്ഞ പോലെ ഇനി വരുമ്പോള്‍ ഈ വേഡ് വേരിഫിക്കേഷന്‍ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു ട്ടോ...സസ്നേഹം
വേര്‍ഡ് വെരിഫികേഷന്‍ എങ്ങനെയാണു മാറ്റുക?
കുഞ്ഞൂസേ, വേര്‍ഡ് വെരിഫികേഷന്‍ മാറ്റി കേട്ടോ. ശരിയായോ എന്നറിയില്ല. ഒന്ന് നോക്കി പറയാമോ?
ആക്ഷേപം നന്നായി...
എഴുത്ത് തുടരട്ടെ....
നന്മകള്‍ നേരുന്നു...
അതു കലക്കി
കസേരയ്ക്കു ആത്മാവുണ്ടായിരുന്നെങ്കിൽ ആ ഇരപ്പകളെ ഒക്കെ എപ്പൊഴെ തൂത്തെറിഞ്ഞേനെ അല്ലെ ഹ ഹ ഹ :)
Post a Comment