( ചില സത്യങ്ങള്‍ )
പലരും ചോദിച്ചു.. എന്താ എഴുത്തുകാരും, സീരിയല്‍ നിര്‍മ്മാതാക്കളും, കവികളും, അങ്ങനെ എണ്ണം പറഞ്ഞ പ്രമുഖരെല്ലാം ഇപ്പൊ അവിഹിത ബന്ധങ്ങളെ കുറിച്ചേ എഴുതി കാണാന്‍ ഉള്ളുലോ എന്ന്.. നാണമില്ലല്ലോ ഇവന്മാര്‍ക്ക്.. അതു കണ്ടു രസിക്കാനും, വായിച്ചാസ്വദിക്കാനും കുറെ അമ്മച്ചിമാരും.. ഹ്മ്മ്മം...
ഈ അളിഞ്ഞ വിഷയം വിട്ടു മറ്റെന്തെങ്കിലും എഴുതി മനുഷ്യരെ രസിപ്പിക്കാനിവര്‍ക്കൊന്നും ആവില്ലേ എന്ന്?
ചോദ്യം തെറ്റില്ല.. പക്ഷെ ഉത്തരം നിസ്സഹായത എന്നാണെങ്കിലോ?
ചുറ്റുപാടും കാണുന്നതും, കേള്‍ക്കുന്നതും എഴുതേണ്ടി വരുമ്പോഴും, വെള്ളിത്തിരയിലേക്ക് ആവാഹിക്കേണ്ടി വരുമ്പോഴും അതു ചെയ്യുന്നവര്‍ പൂര്‍ണ്ണ സന്തുഷ്ടരായി കൊള്ളണം എന്നില്ല..
പക്ഷെ ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ വഴി പിഴച്ചു നടക്കുന്നവരുടെ കാലടികളാണ് കൂടുതലെങ്കിലോ?
ലോകം മുഴുവന്‍ ചിന്തിക്കുന്നത്, ഞാന്‍ ചെയ്യുന്നത് ശരി എന്നല്ലേ?
ഒന്ന് ചുറ്റുപാടും കണ്ണോടിച്ചു നോക്കൂ.. പകച്ചു പോകും..
വിവാഹേതര ബന്ധങ്ങള്‍ മനസ്സിന്റെ ശരികള്‍ എന്ന് മുറവിളി കൂട്ടുന്ന ഒരു പത്തു പേരെയെങ്കിലും കണ്ടു പിടിക്കാനാകും..
അതു മാത്രമോ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്ഥാനമോ?
ഏതു പതിവൃതകളും, ഒന്ന് മാറ്റി ചിന്തിച്ചു പോകും , ഒന്നു വഴി മാറി നടന്നാലോ എന്ന് . എന്തൊരു ബഹുമാനം..
എന്തൊരു ആദരവ് ... മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാമൂഹ്യ ഘടന....
വഴി മാറി നടക്കുന്നവര്‍ തന്നെ പകച്ചു പോകും ഈ നിലപാട് കാണുമ്പോള്‍..2
ചെയ്തതൊക്കെ ശരി തന്നെ എന്ന ചിന്ത ഒന്ന് കൂടി മനസ്സിലുറക്കും...
ഇങ്ങനെ ഒരവസ്ഥയില്‍ എഴുത്തുകാരും, കവികളുമൊക്കെ കുറച്ചൊക്കെ എഴുതി പിടിപ്പിക്കും..
മറ്റൊരു കാര്യമുള്ളത് ഏറ്റവും ചിലവുള്ള ഒരു വിഷയമാണ് ഇത് എന്നതാണ്..
കാര്യം ഇത്തരം വിഷയം ചെവിയില്‍ വീഴുമ്പോള്‍ പൊള്ളല്‍ ഏറ്റത് പോലെ ആളുകള്‍ ഞെട്ടാറുണ്ട്.. (ഞെട്ടി എന്നഭിനയിക്കാറുണ്ട്).... എന്നാ ല്‍ പിന്നെയും, പിന്നെയും ചെവികള്‍ നീണ്ടു വന്നു ഈ സംഭാഷണ ശകലങ്ങള്‍ വിഴുങ്ങിയെടുത്തു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്..
അപ്പൊ പിന്നെ കച്ചവടകണ്ണു വച്ച് നോക്കിയാലും ഈ വിഷയം തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല..
സത്യത്തില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ടത് കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല .. വയ്യവേലിയുമാണ്...
അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളെ അല്ല എന്ന് ചിന്തിക്കാം.. വിട്ടു കളയാം.. സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ വിളിച്ചു കൂവി നടക്കമെന്നല്ലാതെ സമൂഹത്തെ യദാര്‍ത്ഥത്തില്‍ ഉദ്ദരിക്കാനെത്ര പേര്‍ ഇറങ്ങി പുറപ്പെടും..
ഇത്തരം ചൂട് വാര്‍ത്തകള്‍ കേട്ട് കയ്യിലെ മദ്യ ഗ്ലാസ് വേഗം കാലിയാക്കും പുരുഷന്‍..
സ്ത്രീയോ? ചികഞ്ഞു ചികഞ്ഞു അങ്ങ് അടിവാരം വരെ എത്തിയേക്കും.. എന്നിട്ട് ഇത്തരക്കാരെ കാണുമ്പോള്‍ മനസ്സ് തുറന്നു ചിരിച്ചു അവരെ അങ്ങ് ആദരിക്കും...
ലോകം ഇതാണ്.. ശരിയും തെറ്റും തീരുമാനിക്കുന്നത് മനസ്സിന്‍റെ ഓരോരോ സമയത്തെ പ്രകൃതി അഥവാ ഭാവം അഥവാ മട്ട് അനുസരിച്ചാണ്.. അല്ലെ?
അപ്പൊ പിന്നെ പാവം കവികളെയും, കഥാകാരികളെയും, സീരിയല്‍ സിനിമ സംവിധയകരെയുമൊക്കെ കാര്യമില്ലാതെ പഴിക്കണോ?
അവര്‍ കാണുന്നതും കേള്‍ക്കുന്നതും പകര്‍ത്തി ആശ്വാസം കണ്ടെത്തിക്കോട്ടേ..