Saturday, 10 March 2012

കസേര

(ഒരു മിനികഥ)


കസേരക്ക് കടി പിടി കൂടുന്ന രാഷ്ട്രീയ കോമരങ്ങള്‍ക്ക് നേരെ ഒരു കൊഞ്ഞനം കുത്തല്‍.. 

അയാളുടെ മഞ്ഞ കണ്ണുകള്‍ അവശമായിരുന്നു.. പക്ഷെ അതിലെ തിളക്കം നഷ്ടമായിരുന്നില്ല.. ശരീരം ശോഷിച്ച്, താടിയെല്ലുകള്‍ കൂര്‍ത്ത്, കവിളെല്ലുകള്‍ ഉന്തി, നരച്ച, താടിയിലും മുടിയിലും എണ്ണ പുരളാതെ അയാള്‍ വികൃതമായ രൂപത്തിലായിരുന്നു.. 
പക്ഷെ ഉത്തരത്തിലെ ഗൌളിയെ പോലെ അയാള്‍ ആ കസേരയെ വട്ടം പിടിച്ചു അതില്‍ ഒട്ടി ചേര്‍ന്നിരുന്നിരുന്നു.. 

സമയമായി... കാലന്‍ ചിത്രഗുപ്തനോട് പറഞ്ഞു.. ഇയാളെ ആ കസേരയില്‍ നിന്ന് ഇറക്കാന്‍ അവിടെയുള്ളവര്‍ക്ക് കഴിയില്ലേ?
നമ്മള്‍ വിളിക്കാന്‍ ചെല്ലുമ്പോള്‍,കൂടെ വരാന്‍ ഇയാള്‍ വിസമ്മതിക്കുമോ... 
ചിത്രഗുപ്തന്‍ തല ചൊറിഞ്ഞു.. നമ്മള്‍ വലയും പ്രഭോ.. ഇയാള്‍ അനങ്ങില്ല.. 
മാതാപിതാക്കള്‍ പോയി.. ഭാര്യ മരിച്ചു.. മക്കള്‍ മരിച്ചു.. കൂട്ടുകാര്‍ .. ബന്ധുക്കള്‍ അങ്ങിനെ ഒരുപാടു വിയോഗങ്ങള്‍ ഇയാള്‍ കണ്ടു.. പക്ഷെ എന്നിട്ടും അയാള്‍ ഈ കസേര വിട്ടില്ല.. 
അതില്‍ തന്നെ അള്ളി പിടിച്ചിരുന്നു.. അയാളുടെ മഞ്ഞ കണ്ണുകള്‍ കണ്ടോ പ്രഭോ? മറ്റു അവയവങ്ങള്‍ പോലെയാണോ അത്?
കസേരയെ വിട്ടു കൊടുക്കില്ല എന്ന വാശിയില്‍ നിന്നുയരുന്ന പ്രഭയാണ് ആ മഞ്ഞപ്പ്... 
നമ്മള്‍ തോല്‍ക്കും... 
നമ്മള്‍ തോല്‍ക്കനുള്ളവര്‍ അല്ലെന്നു മറന്നോ ചിത്രഗുപ്താ.. അനുവാദം കാത്തു നമ്മള്‍ എവിടെയും അഭയാര്‍ഥിയുടെ വേഷം കെട്ടി നിന്നിട്ടില്ല.. അങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ നമ്മുക്ക്?
പ്രഭോ.. ഇത് കളി വേറെ.. കാര്യവും വേറെ.. 
ഇയാളുടെ ശരീരം മാത്രമല്ല ആ കസേരയില്‍ ഒട്ടി ചേര്‍ന്നിരിക്കുന്നത്.. അങ്ങ് നോക്കിയാലും.. ആത്മാവ് ആ കസേരയെ അള്ളി പിടിച്ചിട്ടുണ്ട്.. അതു അവിടെ അടര്‍ത്തിയെടുക്കാന്‍ നാം പരാജിതരായേക്കും... 
ഇനി എന്താണ് ഒരു വഴി.. 
ആത്മവല്ലാത്ത ഒന്നിനെയും പരലോകത്തേക്കു കൊണ്ട് പോകാന്‍ കഴിയില്ലല്ലോ ചിത്രഗുപ്താ... 
പ്രഭോ അങ്ങ് എങ്കില്‍ ആ കസേരക്ക് ഒരു ആത്മാവിനെ കൊടുക്കാമോ?
അസാധ്യം.. അസാധ്യം ചിത്രഗുപ്താ.. 
എങ്കില്‍ പ്രഭോ നമ്മള്‍ തോറ്റു പോയിരിക്കുന്നു..  ചിത്രഗുപ്തന്‍ നിരാശനായി തല കുനിച്ചു.. 
കാലന്‍ ചിന്താധീനനും വിഷണ്ണനും ആയി ഇടനാഴിയിലൂടെ നടന്നു.. 
ഒടുവില്‍ തിരിഞ്ഞു ചിത്രഗുപ്തനോട് പറഞ്ഞു.. ഗുപ്താ.. ഞാന്‍ തോറ്റിരിക്കുന്നു... 
ഓം .. ഓം.. കസേരക്ക് ആതാമാവുണ്ടാകട്ടെ... ഓം.. 
കാറ്റും, മഴയും, ചെറിയ ഒരു ഭൂമി കുലുക്കവുമുണ്ടായി.. 
കസേര ആകെ ഒന്ന് കുലുങ്ങി.. മുറിയാകെ കേള്‍ക്കുന്ന ഒരു നിശ്വാസം ഉതിര്‍ന്നു വീണു.. 
നിമിഷങ്ങള്‍ക്കകം കസേരയിലെ വൃദ്ധന്‍ നിലത്തു വന്നു വീണു.. 
നന്ദി കാലാ.. നന്ദി.. എനിക്കൊരു ആത്മാവ് തന്നപ്പോഴേ എനിക്കൊന്നു പ്രതികരിക്കാന്‍ കഴിഞ്ഞുള്ളൂ... 
വര്‍ഷങ്ങളായി ഇയാളെ ചുമന്നു ഞാന്‍ തളര്‍ന്നിരിക്കുന്നു.... ഇങ്ങനെയൊരു ദിവസത്തിന് നന്ദി.. 
അമ്പരന്ന കാലന് മുന്നിലൂടെ നിരങ്ങി നിരങ്ങി ആ കസേര മുന്നോട്ടു പോയി.. 
മനുഷ്യന്‍ കാണാത്ത ഏതോ സ്ഥലം തേടി.. 
താഴെ ചുരുണ്ട് കിടന്ന വൃദ്ധന്‍ ദയനീയമായി കാലനെ നോക്കി.. 
പിന്നെ മുറിക്കു മുക്കിലെ മറ്റൊരു കസേരയെ ലക്ഷ്യമാക്കി നിരങ്ങി നീങ്ങി... 

Saturday, 3 March 2012

സീമന്തിനിയുടെ പത്രകുറിപ്പ്


(ഒരു ചെറുകഥ)




ആരവങ്ങളും, വെളിച്ചങ്ങളും പിന്തുടരുന്നുന്ടെങ്കിലും അതു ശ്രദ്ധിക്കാനല്ല മനസ്സിന് തോന്നിയത്..
ഇത് തീരുമാനം എടുക്കേണ്ട സന്ദര്‍ഭം.. വെറും ഭയവും, താളപ്പിഴകളും കൊണ്ട് കലുഷിതമാക്കേണ്ട വേദിയല്ല.
വേണമെങ്കില്‍ ഓടിയൊളിക്കാം. അല്ലെങ്കില്‍ നേരിടാം.. ഉത്തരങ്ങള്‍ കൊടുക്കാതെ ഓടി പോയാല്‍ രക്ഷ കിട്ടുമോ?
ഇല്ല..
എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്നാണ് ചോദ്യം.. മിന്നി മറയുന്ന ക്യാമറകള്‍ക്ക് പിറകില്‍ അക്ഷമരായ മനുഷ്യരുടെ കണ്ണുകള്‍..
എല്ലാവരും ചോദ്യം ആവര്‍ത്തിക്കുന്നു.. എന്തിനാണ് ഇങ്ങനെയൊരു പിന്‍വാങ്ങല്‍..
അതും ഇങ്ങനെ കത്തി നില്‍ക്കുന്ന സമയം തന്നെ..
എന്തെങ്കിലും ഭീഷണി?
ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?
ആരെയെങ്കിലും ഭയക്കുന്നുണ്ടോ?
അതോ ഏതോ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ച പോലെ വല്ല മാനസിക പ്രശ്നങ്ങളും?
(അതെ.. അങ്ങനെയും ആരോ എഴുതി പിടിപ്പിച്ചിരുന്നു.. )
നിങ്ങള്‍ ആത്മഹത്യക്ക് മുതിരാനുള്ള സാധ്യതയെ തള്ളി കളയരുതെന്നു ചിലര്‍ പറയുന്നു!
അങ്ങനെ എന്തെങ്കിലും ദുരുദ്ദേശം?

ഞാന്‍ ഇനി എഴുതില്ല.. എന്റെ തൂലിക ഞാന്‍ താഴെ വക്കുന്നു.. ഇത് ഒളിച്ചോട്ടമല്ല..
പക്ഷെ എനിക്കിനി എഴുതാനാവില്ല..
സീമന്തിനി എന്ന എന്റെ മനസ്സും കയ്യിലെ തൂലികയും ഇനി ശാന്തം..
വഴി തെറ്റി തോന്ന്യാസങ്ങള്‍ക്ക് പോകുന്നവരെ ഇനി ഞാന്‍ പിന്തുടരില്ല..
ഇരുട്ടില്‍ എന്നെ പേടിച്ചു നിങ്ങള്‍ ഇനി തിരിഞ്ഞു തിരിഞ്ഞു നോക്കി നടക്കേണ്ടതില്ല..
നിങ്ങളില്‍ വ്യഭിചാരം വേണ്ടവര്‍ക്ക് വ്യഭിചരിക്കാം...
നിങ്ങളില്‍ അഴിമതി ചെയ്യേണ്ടവര്‍ക്ക് ആ വഴിക്ക് പോകാം..
ഭാര്യയുള്ളവര്‍ക്ക് മറ്റു സ്ത്രീകള്‍ക്ക് പിറകെ പോകാം
ഭര്‍ത്താക്കന്‍മാര്‍ വെറും പോഴന്മാരനെന്നു തെളിയിച്ചു കൊണ്ട് ആണ്‍ വേശ്യക്ക് പിറകെ സ്ത്രീരത്നംകളെ നിങ്ങള്ക്ക് പോകാം..
ഭര്‍ത്താവിനെ പറ്റിച്ചു പഴയ കാമുകനെ തിരഞ്ഞു പോകാം..
പുരുഷകേസരികളെ പീഡനം താല്പര്യമെങ്കില്‍ നിങ്ങള്‍ക്ക് ആ വഴി സ്വീകരിക്കാം..
പിഞ്ചോമനകളെ പിച്ചി ചീന്താം.. വയോവൃദ്ദകളെ വലിച്ചു കീറാം..
പകല്‍ മാന്യമാരെ, നിങ്ങളുടെ മുഖംമൂടി വലിച്ചു കളയാന്‍ ഞാനാ വഴിക്ക് വരില്ല..
പ്രേമത്തിന്റെ പേരും പറഞ്ഞു നിങ്ങള്ക്ക് പെണ്‍കുട്ടികളെ വില്പന ചരക്കാക്കാം..
അസൂയയും, കുശുമ്പും പറഞ്ഞു നിങ്ങള്ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലം ആക്കാം..
മറ്റുള്ളവരെ പിറകില്‍ നിന്ന് കുത്താം.. ഇല്ലാ കഥകള്‍ പറഞ്ഞു  ശരീരമിളക്കി  കുലുങ്ങി ചിരിക്കാം..
പാവങ്ങളെ ക്രൂശിക്കാം...
കൂട്ടികൊടുക്കാം..
അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞു പെരുമാറൂ എന്നിനി ഞാന്‍ നിര്‍ബന്ധം പിടിക്കില്ല..
കളവുകള്‍.. കൊലപാതകം.. എന്തും ചെയ്യാം..
മൂല്യച്ചുതികള്‍ക്ക് നേരെ ഞാന്‍ വിലപിക്കില്ല..

ഞാന്‍ ചിലരോട് മാപ്പ് പറയുന്നുണ്ട്.. വിലപിക്കുന്നവരെ, ഞാനിനി നിങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ വരില്ല.. അതു പറയാന്‍ എനിക്ക് വേദനയുണ്ട്.. നിങ്ങളിലൊരാളായി നിങ്ങള്‍ക്കായി ഞാനിനി സംസാരിക്കില്ല..
നിങ്ങള്‍ വേദനയാല്‍ പിടയുമ്പോള്‍ ഞാന്‍ തല തിരിച്ചു നടന്നു പോയേക്കും..
നിങ്ങളുടെ കൊച്ചു സ്വപ്നങ്ങള്‍ക്ക് തൊങ്ങല്‍ കെട്ടി എഴുതി പിടിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല..
നിങ്ങളുടെ ജിഹ്വയായി മാറിയതില്‍ കേട്ട പഴികള്‍ പേടിച്ചല്ല ഈ പിന്മാറ്റം എന്ന് മാത്രം നിങ്ങള്‍ മനസ്സിലാക്കിയാല്‍ മതി..
ഇത് ഭയന്ന്, നിങ്ങളോട് കരുണയില്ലാതെ സ്വരക്ഷക്കുള്ള ശ്രമമല്ല..
നിങ്ങളില്‍ ചിലരെങ്കിലും എന്റെ പിന്മാറ്റത്തില്‍ വേദനിക്കും.. വീണ്ടും നിങ്ങളുടെ കവിളില്‍ ഒഴുകുന്ന ആ ചാലുകള്‍ ഉണക്കാന്‍ ഞാന്‍ വരില്ലെന്നോര്‍ക്കുമ്പോള്‍, സത്യം... വേദന എനിക്കുമുണ്ട് എന്ന് മാത്രം നിങ്ങളറിയണം..
യാത്ര പറയേണ്ടത് നിങ്ങളോട് മാത്രം.. കാരണം യാത്ര ചോദിക്കുമ്പോള്‍ വേദനിക്കുന്നവരോടെ യാത്ര പറയാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു...

ഇനി ഞാന്‍ പ്രതികരിക്കില്ല..
ഇതെന്റെ ഉറച്ച തീരുമാനം..
എന്റെ പാഴ്തൂലിക ചര്‍ദ്ദിച്ച തൊന്നും എനിക്കിനി വാരിയെടുക്കാനാകില്ല.. എനിക്കറിയാമത്... എങ്കിലും ഒരു വിരാമമിടാന്‍ സമയമായിരിക്കുന്നു..
എന്റെ നിയമാവലികളെ ഞാന്‍ കാറ്റില്‍ പറത്തുന്നു.. എന്റെ തത്ത്വസംഹിതകളെ ഞാന്‍ വലിച്ചെറിയുന്നു.. വിമോചനമന്ത്രങ്ങള്‍ മറക്കുന്നു.. അതെ ഇത് വരെ ചെയ്ത സര്‍വ്വ പ്രവര്‍ത്തികള്‍ക്കും വിരാമമിട്ടു കൊണ്ട് ഞാന്‍ വിട പറയുന്നു...

ഇതാണ് ഞാന്‍ പറഞ്ഞ വാചകങ്ങള്‍ . ഇതായിരുന്നു എന്റെ പത്രകുറിപ്പ്..
എന്റെ തീരുമാനത്തിന് കാരണങ്ങളില്ല.. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതു പറയാന്‍ എനിക്ക് ഉദ്ദേശവുമില്ല..
ഇത് സീമന്തിനി എന്ന എന്റെ ഉറച്ച മറുപടി.. ഇതിനു നിങ്ങള്‍ നിറം കൊടുത്തോളൂ.. അര്‍ത്ഥം മാറ്റി എഴുതിക്കോളൂ..
ഞാന്‍ പ്രതികരിക്കില്ല.. ഇത് എന്റെ അവസാന തീരുമാനം..

Tuesday, 28 February 2012

ഒരു നിഴല്‍ നാടകം..

(ഒരു തിരിച്ചറിവ്) 






നിഴലിനു പിറകെ വെറുതെ നടന്നിട്ടുണ്ട്.. അതെന്റെ നിഴലാണെന്ന് ധരിച്ചു.. .
മുന്നിലുള്ളതല്ല നിഴല്‍ എന്ന് തിരിച്ചറിയാന്‍ വൈകി പോയി.. അതൊരു തിരിച്ചറിവായിരുന്നു..
കാണുന്ന നിഴലുകള്‍ എല്ലാം നമ്മുടെതെന്ന് തെറ്റിദ്ധരിക്കരുത് എന്ന ഒരു താക്കീത്..
നിഴലുകള്‍ നിഴലുകള്‍ മാത്രം.. അതിനു രൂപമില്ല.. മനസ്സില്ല.. ദയയില്ല.. ഒന്നുമില്ല.. വീണ്ടുമൊരു ഒരു ഓര്‍മപെടുത്തല്‍.. ..
ഒരു തിരിച്ചറിവ് കൂടി...
മുന്നോട്ടുള്ള യാത്രയില്‍ ഇങ്ങനെ ചില തിരിച്ചറിവുകള്‍ സഹായകമാകും എന്ന ഉറച്ച വിശ്വാസമുണ്ട്‌.. :)

Monday, 27 February 2012

ഒരു പഴമൊഴിക്ക്‌ പിറകെ..





ഉയരങ്ങള്‍ താണ്ടുമ്പോള്‍ കൂടെ ഉള്ളവരെ അല്ല സുഹൃത്തുക്കള്‍ എന്ന് പറയുന്നത്..
വീണു കിടക്കുമ്പോള്‍ കൈ തരുന്നവരാണ്...
ശരിയാണോ ഈ പഴമൊഴി?? അല്ലെന്നു എനിക്ക് തോന്നുന്നു..
പല പഴമൊഴികളും കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാന്‍.. ...
പ്രസക്തി നഷ്പെടുന്ന അത്തരം ചിന്താശകലങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഞാന്‍ ഇപ്പോഴോരുക്കമാണ്..

ഏകാന്തത ...






ഏകാന്തതയെ ക്ഷണിച്ചു വരുത്താം.. ചിലപ്പോള്‍ ക്ഷണിക്കാതെ, നിനക്കാതെ നാം ഏകാന്തതയിലേക്ക് കാല്‍ വഴുതി വീഴും..

മറ്റാരും കൂട്ടില്ലാതെ തനിച്ചിരിക്കുന്ന ചില നിമിഷങ്ങളിലാണ് നാം നമ്മെ തിരിച്ചറിയുന്നത്‌.. .... അതെ..
അതിനെ ഒറ്റപ്പെടലായി കണക്കാക്കുക അസാധ്യം.. ഏതു തിരക്കിലും നാം നമ്മുടെതായ കുറച്ചു സമയം ആഗ്രഹിക്കും.. ഞാന്‍ അങ്ങനെയാണ്.. എന്റേതായ ചില നിമിഷങ്ങള്‍....
മോശം ആളുകള്‍ കൂട്ടുണ്ടാകുന്നതിനെക്കാള്‍ എത്രയോ നല്ലതാണീ
തനിച്ചുള്ള പ്രയാണം.. ആരോടും ബാധ്യതകളില്ലാതെ ആരോടും കടപ്പാടിന്റെ പേരില്‍ തല കുനിക്കാതെ.. ആരോടും ഉത്തരം പറയണ്ടാത്ത പ്രയാണം..

Sunday, 26 February 2012

Facebook..


My First Book Published.. a collection of short stories..

സൌഹൃദം


ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്..... മറന്നാലും മറക്കാതെ.. ഓര്‍ത്തില്ലെങ്കിലും ഓര്‍മകളില്‍ ചുറ്റി പറ്റി...വേണ്ടെന്നു വച്ചാലും മനസ്സില്‍ നിന്ന് പോകാതെ.. ഇതാണ് അല്ലെ യഥാര്‍ത്ഥ സൌഹൃദം.. അല്ലെ?
ഇത് യാത്ര.. കുറഞ്ഞ ചരക്കുകളുമായി നീണ്ട യാത്രകള്‍ക്ക് പുരപെടുന്നവരെ അനുസ്മരിപ്പിക്കുന്ന ജീവിതയാത്ര..
മനസ്സിന്റെ ഭാരങ്ങള്‍ കുറക്കാന്‍ ചില സൌഹൃദങ്ങള്‍ ഒഴിവാക്കേണ്ടി വന്നിരിക്കാം... അതു യാഥാര്‍ത്ഥ്യം..