Tuesday, 31 July 2012

കിടക്കയും ഞാനും..

(ഒരു കഥ)
(ചിത്രത്തിന് കടപ്പാട് - ഗൂഗിള്‍) )


കിടന്നു കിടന്നു കിടക്കക്കും പിടിച്ചിരിക്കുന്നു വൃണങ്ങള്‍ .. അങ്ങിങ്ങായി കാണുന്ന ചോരപ്പാടുകള്‍.. മൂത്രപ്പാടുകള്‍.. ... 
കിടന്നാലും ഇരുന്നാലും കിടക്കയെ വൃണപ്പെടുത്തുന്ന മുറിപ്പാടുകള്‍.... 
മരണം.. അതും ഈ വീട്ടിലുള്ളവരെ പോലെ മുറിക്കുള്ളിലേക്ക് കടന്നു വരാന്‍ മടിച്ചു പുറത്തെ ഇടനാഴിയിലോ, പൂമുഖത്തോ, അതോ മുറ്റത്തോ ഒക്കെ ചുറ്റി നടക്കുന്നുണ്ടാവണം.. 
ദയാവധത്തിനെതിര് നില്‍ക്കുന്ന  നിയമാവലിയെയും , പീനല്‍കോടിനെയും വിളിച്ചാല്‍ അവര്‍ എന്‍റെ കിടക്കവിരി മാറ്റി തരുമോ? 
എന്നെ കൊന്നു തരൂ എന്നാര്‍ത്തു വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.. 
എല്ലാവരുടെ മുഖത്തും വിരിയുന്ന മടുപ്പിന്‍റെ ആക്കം കൂടി വരുന്നതനുസരിച്ച്‌ എന്‍റെ നിസ്സംഗ ഭാവം ഞാന്‍ വര്‍ദ്ധിപ്പിച്ചു വരുന്നു..  അങ്ങനെയാണ് എന്‍റെ ധാരണ എന്നെ പറയാനാകൂ.. ഞാനും പൊട്ടി തെറിക്കാനും, വിതുമ്പാനും, വെമ്പി നില്‍ക്കുകയാണ്.. പ്രതികരണശേഷി നഷ്ടപ്പെടുന്നതെപ്പോഴാണ്...  മനസ്സ് ആശിക്കുന്നിടത്ത് ശരീരമെത്താതാകുമ്പോള്‍ .. തളരുമ്പോള്‍... 

നാലരകൊല്ലമായി ഇതേ രീതിയില്‍, ഇതേ കിടക്കയില്‍, തിരിയാതെ, ചെരിയാതെ കിടന്ന കിടപ്പ് തുടങ്ങിയിട്ട്.. 
കിടപ്പ് തുടങ്ങിയപ്പോള്‍ കിടക്ക പതുപതുപ്പുള്ള നനുത്ത തൂവല്‍ പോലെ സുഖം തരുന്നതായിരുന്നു.. 
ഒന്നരാടം വിരിപ്പ് മാറ്റാന്‍ ഈ വീട്ടിലുള്ളവര്‍ക്കൊക്കെ ഉത്സാഹമായിരുന്നു.. 
ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, കിടക്കയുടെ നടുഭാഗത്തെ പഞ്ഞി കുതിര്‍ന്നു  വിണ്ടു കീറി പോയിരുന്നു.. 
 മൂത്രം കമ്മോടിനെ മറി കടന്നു തുളുമ്പി വീണു വീണുണ്ടായ വിണ്ടു കീറലുകളെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല.. 
മനുഷ്യനല്ലേ.. അറപ്പും, വെറുപ്പും സ്വാഭാവികം.. വല്ലപ്പോഴും മുറിയുടെ വാതിലില്‍ തല നീട്ടി  കുറവുണ്ടോ എന്ന് ചോദിക്കുന്നുണ്ടല്ലോ.. മതി..  അതായിരുന്നു അന്നത്തെ ചിന്ത... 
പക്ഷെ ഇപ്പൊ ഇപ്പോഴായി അതിനും മെനക്കെടുന്നില്ല മക്കളും മരുമക്കളും.. 
കര്‍ത്തവ്യനിര്‍വഹണം എന്ന നിലയില്‍ ഈ മുറി വാതില്‍ തുറന്നകത്തു  വരുന്നവര്‍ക്ക്   പുറത്തു കടക്കാനുള്ള ഉത്സാഹം കാണുമ്പോള്‍ അവരോടു ഒച്ചയിട്ടു സംസാരിക്കണമെന്ന് തോന്നും... പക്ഷെ നാളെ അവരും വരാതായാല്‍? 

മരണം എങ്ങിനെയാണ്  ഒരാളെ  വരിക്കുന്നത്? എന്താണ് മാനദണ്ഡം? 
ഓടി നടക്കുന്ന അരോഗദൃടഗാത്രന്മാരെ വന്നു കൂട്ടി പോകാന്‍ കാണിക്കുന്ന ഉത്സാഹം ഈ മാംസപിണ്ടത്തെ വഹിക്കുമ്പോള്‍ ഇല്ലാത്തതാണോ ഈ ശുഷ്കാന്തിയില്ലായ്മക്ക് ഹേതു? 
നീ മാത്രമാണിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന അതിഥി..  ഈ മന്ത്രം ദിവസത്തില്‍ പത്തോ പന്ത്രണ്ടോ തവണ ഉരുവിടുന്നു.. 
അറിയുന്ന ദൈവങ്ങളെ ഒക്കെ വിളിക്കുന്നു.. പക്ഷെ കുഞ്ഞിരാമനെ കൊണ്ട് പോകാന്‍ വന്നില്ല ഒരു കാലനും.. 
വിണ്ടു കീറിയ ശരീരം ഒരിക്കല്‍ ഇവിടെ ഈ വൃണിതമായ കിടക്കയില്‍ കിടന്നു ചീഞ്ഞു പോയാല്‍  ആരുണ്ട്‌ വേദനിക്കാന്‍.. 
വഴുവഴുത്ത, കിടക്ക സമ്മാനിച്ച മുറിവുകളുടെ ദുര്‍ഗന്ധത്തെ ഉപേക്ഷിച്ചു പോകാന്‍ കഴിയുമോ? കിടക്കയുടെ വശങ്ങളില്‍ കൂട് വച്ചിരിക്കുന്ന ചോരകുടിയന്മാരായ മൂട്ടക്കൂട്ടത്തിന്റെ കൂട്ടായ ആക്രമത്തില്‍ നിന്ന് രക്ഷ ലഭിക്കുമോ? 
ആത്മഹത്യ ചെയ്യാനും വേണ്ടേ ആരോഗ്യം? വേണം.. 
ഈ വാതായനങ്ങളെ മറി കടന്നു മരണം പതുക്കെ കടന്നു വരുന്ന വരെ ഈ കിടപ്പ് മാത്രം.. 
കൂട്ടിനു മൂത്രം കുതിര്‍ത്തിയ ഈ കിടക്കയും... 

Friday, 6 July 2012

പച്ചെയ് നിറമേ പച്ചെയ് നിറമേ

പച്ചക്കുതിരയെ ദേശീയമൃഗമായി അവരോധിക്കാനുള്ള ഉപാധിയോടൊപ്പം, അവയ്ക്കായി ഒരു സംരക്ഷണകേന്ദ്രം കൂടി തുടങ്ങാനുള്ള പദ്ധതിയെ പ്രതിപക്ഷം പോലും സഹര്‍ഷം സ്വാഗതം ചെയ്തു.. 


ദേഹം മുഴുവന്‍ കാവിയും കറുപ്പും വരകളുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ബംഗാള്‍  കടുവകളെക്കാള്‍   എന്ത് കൊണ്ടും മെച്ചം സുലഭമായി കാണുന്ന പച്ചക്കുതിരകളെ ആദരിക്കുന്നതാണ് എന്നതാണ് ഭരണപക്ഷത്തിന്റെ വാദം.. 
കേരളത്തിന്റെ ആസ്ഥാന മൃഗമായ ആനയെയും, ദേശീയമൃഗമായ കടുവയും തല്ക്കാലം മറന്നേക്കൂ എന്നാണ് അവരുടെ ആവശ്യം.. ദേശീയമൃഗം പച്ചക്കുതിര തന്നെ.. 
പച്ചക്കുതിരയെന്ന ഈ ചങ്ങാതിയുടെ മുഖത്ത് കരി വാരി തേക്കാന്‍ ഈ ദേഹത്തെ അലസനും, സുഖിയനുമാകി ചിത്രീകരിച്ചിരുന്ന പഴങ്കഥകളൊക്കെ ഇനി മേലില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു ഉദാഹരിക്കുന്ന പതിവുകള്‍ മുത്തശ്ശിമാരും, മാതാപിതാക്കളും നിറുത്തേണ്ടതാണ് എന്ന നിയമം നടപ്പില്‍ വരുത്തണമോ എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നുണ്ട്.. 

കൂട്ടത്തില്‍ ദേശീയപക്ഷിയായ മയിലിനും വിശ്രമം കൊടുത്താലോ എന്നൊരാലോചന സര്‍ക്കാരിന്റെ കര്‍മ പദ്ധതിയില്‍ ഉണ്ട്.. 

പച്ചപനങ്കിളിയായ തത്തമ്മയാണ് ഇനി നമ്മുടെ ദേശീയപക്ഷി.. 
സര്‍കാരിന്റെ ഈ രണ്ടു പുതിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വഴിയരികില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പറയാന്‍ തത്തമ്മയെ ഉപയോഗിക്കുന്നവര്‍, ആ തൊഴില്‍ ഉപേക്ഷിക്കുകയോ, തത്തമ്മക്ക് പകരം കാക്ക, പ്രാവ് തുടങ്ങിയ പക്ഷികളെയോ, എന്തിനധികം പറയുന്നു, മയിലിനെ  വരെയോ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്..  . 


പച്ചക്കറി വിപണനരംഗത്തും  ചില ഭേദഗതികള്‍ നടപ്പിലാക്കാന്‍ പ്രസ്തുത സര്‍ക്കാരിനുദ്ദേശമുണ്ട്.. പച്ച നിറമുള്ള പച്ചക്കറികള്‍ - കക്കിരിക്ക (പച്ച മാത്രം), പച്ച ചീര, കുമ്പളങ്ങ, മുരിങ്ങക്കായ തുടങ്ങിയ കാര്‍ഷിക വിളകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, തദ്വാരാ, ഇവയുടെ കൃഷിയും, വിളവെടുപ്പും, ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്.. 
ദേശീയ നിറമായി പച്ചയെ പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നമ്മുടെ ബഹുമാന്യനായ മന്ത്രി  അവര്‍കള്‍ നമ്മള്‍ വിഡ്ഢികളായ വോട്ടെര്‍മാരെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.. 
നമുക്കിനി പച്ച മനുഷ്യരായി മുന്നേറാം... 

ജയ് ഹിന്ദ്‌... 

Friday, 29 June 2012

ഭാരമില്ലയ്മയാണ് എന്‍റെ ഭാരം

(ഒരു ചെറുകഥ) 

അയാള്‍ ആലോചനയിലാണ്..
ഇന്ന് അല്ലെങ്കില്‍ നാളെ.. അതുമല്ലെങ്കില്‍ മറ്റന്നാള്‍ (അതിനപ്പുറം പറ്റില്ലഒരു മഹദ് സാഹിത്യകാരനായി അറിയപ്പെടാനുള്  ചില മാര്ഗ്ഗങ്ങള്‍ ആവിഷക്കരിക്കുന്നതിന്റെ അവസാന ഘട്ടം ന്ന് വേണമെങ്കില്‍ പറയാം..
ഇതുമല്ലെങ്കില്‍ പഴയ കണക്കെഴുത്ത് പണിക്കു തന്നെ പോകാം..
 പക്ഷേ സാഹിത്യത്തിന്റെ ലേബലില്‍ തന്നെ അറിയപ്പെടണം..
അതിനാണല്ലോ ഭാര്യയെ ഉപേക്ഷിച്ചതുംമക്കളെ തിരിഞ്ഞു നോക്കാത്തതുംഅച്ഛനുമമ്മയും മരിച്ചപ്പോള്‍ പോലും വീട്ടില്‍ പോകാതിരുന്നതും..
തന്റെ എഴുത്ത് ആകെ പ്രശ്നമാണെന്ന് വായനക്കാരും നിരൂപകരും, ചില സാഹിത്യകാരന്മാരും  വിലയിരുത്തിയിരിക്കുന്നു..

ലാളിത്യം കൂടി പോയി.. കുറച്ചു ൂടെ മനുഷ്യന് മനസ്സിലാകാത്ത ഭാഷയെടുത്തു കൈകാര്യം ചെയ്താല്‍ നില നിലക്കാമെന്ന്..
തിരിച്ചുംമറിച്ചുംവളച്ചുംചെരിച്ചും എഴുതിയിട്ടും കനം വരുന്നില്ല.. എന്തെഴുതിയാലും അതൊക്കെ വായിക്കുന്നവര്ക്ക് മനസ്സിലാകുന്നു
ഇവന്മാര്ക്ക് മനസ്സിലാകരുത്‌ ന്ന് കരുതിയാണ് കഴിഞ്ഞ കഥയില്‍ അങ്ങനെയൊരു വളച്ചൊടിക്കല്‍ നടത്തി,  ഉഗ്രന്‍ പദങ്ങള്‍ എടുത്തു പ്രയോഗിച്ചത്..

"ഉത്കൃഷ്ടമായ ബന്ധങ്ങളെ വിഷലിപ്തമാക്കി വിവാദം സൃഷ്ടിച്ചു അതില്‍ നിന്ന് ലാഭം നേടിയെടുക്കുന്ന നരാധമന്മാരെ കണ്ടെടുത്തു ഉന്മൂലനം ചെയ്യുക വഴിമലീമസമായി കൊണ്ടിരിക്കുന്ന  സമൂഹത്തിന്റെ മുഖച്ഛായ മാറ്റിഒര സമൂഹ്യപരിവര്ത്തനം നടത്തുക ന്നാ ലക്ഷ്യതോടെ മുന്നേറിയ വിനയന്‍ ഒറ്റപ്പെട്ടു പോയി.. 
അന്ത്യനിമിഷങ്ങളില്‍ രേഖ വിനയനോട് ചേര്ന്നിരുന്നു..
ദീര്ഘനിശ്വാസങ്ങളുടെ അകമ്പടിയോടെ മെല്ലെ മൊഴിഞ്ഞു.. 
ജന്മം പുണ്യമാണ്.. ഇല്ലാതാകുന്ന നിമിഷത്തോടെ യാത്ര ചൊല്ലുന്ന ത്മാവ് മറ്റൊരു ശരീരം കണ്ടെത്തി തന്‍റെ കര്മം 
പൂര്ത്തീകരിക്കുന്നു.. എന്റെ ശ്വാസം നിലച്ചാല്‍ വിനയന്‍ ഓര്‍ക്കണം രേഖ മറ്റൊരു ശരീരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞെന്ന്.. തൊരിക്കലുമൊരവസാനമല്ല...
ഒരു പ്രപഞ്ച രഹസ്യം മാത്രം.. 
നിരന്തരമായ പ്രവര്ത്തി കൊണ്ടേ ആശയങ്ങളെ പ്രാവര്ത്തികമാക്കാന്‍ സാധിക്കൂ...
നൈരന്തര്യം കണക്കാക്കാതെ വരും ന്മത്തിന്റെ കാത്തിരിപ്പിലേക്ക് - പുതിയ മിടിപ്പിലേക്ക് കാലൂന്നുന്ന നിന്നെ സ്നേഹിച്ച പെണ്കുട്ടിക്ക് നീ മംഗളങ്ങള്‍ നേരണം..
നിയോഗം.. 
നിന്‍റെ കര്മം മറ്റൊന്നാണ്.. തിനായി മാത്രം നീ ചരിക്കുക.. ഓരമ്മകള്‍ ശാപങ്ങള്‍ മാത്രമെന്ന സത്യം മനനം ചെയ്യുക..   "

ഏറ്റില്ല.. എന്ന് മാത്രമോ ചീറ്റി പോയി എന്ന് വേണമെങ്കില്‍ പറയാം..  കനം പോരഞ്ഞിട്ടാണോ.. സര്വ്വമാന എഴുത്തുകാരുടെയും കനപ്പെട്ട  പുസ്തകങ്ങള്‍ ചവച്ചിറക്കിയിട്ടുംഫലം കാണുന്നില്ല..
എല്ലാ വിധ ചേരുവകളും ചേര്ത്തിട്ടും പരിഹസിക്കാനായിട്ടു  കൂടി ഒരുത്തനും എന്റെ പുസ്തകം തൊടുന്നില്ല..

മനുഷ്യന് മനസ്സിലായാലും മനസ്സിലാകാതെ നില്ക്കുന്ന ഒരെഴുത്ത് രീതി അവലംബിക്കണം..
സാധ്യമോ?

പേന അയാള്‍ നിലത്തു വച്ചു... കടലാസുകെട്ടുകള്‍ ഒതുക്കി മേശക്കരികിലെ ചുമരിനോട് ചേര്‍ത്ത് വച്ചു...
ജനങ്ങള്‍ വായിച്ചാലെ എഴുത്തുകാരന് തൃപ്തിയുള്ളൂ.. 
 പ്രക്രിയ ഇവിടെ പരാജയപ്പെട്ടിരിക്കുന്നു.. 
എഴുതാനായി മെനക്കെട്ട് നേരം കളഞ്ഞു താടി വളര്‍ത്തി ഇവിടെ ഇരുന്നിട്ട് വല്ല പ്രയോജനവുമുണ്ടായോ?
എഴുത്ത് മനസ്സിലേക്ക് കടന്നു വരണം.. കഥയുംകഥാപാത്രങ്ങളും സ്വയം  അവതരിക്കണം.. സൃഷ്ടി എളുപ്പമല്ല.. 

ഇപ്പോള്‍ ഇവിടെ ഇയാള്‍ വിജയിച്ചിരിക്കുന്നു.. തിരിച്ചറിവ് വിജയമല്ലേ

അന്വേഷിച്ചതെന്തോക്കയോ... കണ്ടെത്തിയത് മറ്റെന്തൊക്കെയോ...
തീര്ച്ചയായും ഒരവസരം വന്നാല്‍, ആശയങ്ങള്‍ മനസ്സില്‍ ഊറി കൂടി എന്നെ എരിപൊരി സഞ്ചാരം കൊള്ളിച്ചാല്‍...  വായനക്കാരാനിനക്ക് മനസ്സിലാകാത്ത ഭാഷ എനിക്ക് വഴങ്ങിയാല്‍ ഞാന്‍ തിരിച്ചു വരാം.. അയാള്‍ ആത്മഗതം ഉറക്കെ ഉരുവിട്ടു...
 തിരിച്ചുപോക്ക് എനിക്ക് സമാധാനം തന്നില്ലെങ്കില്‍ ഒരു പക്ഷേ എനിക്ക് വഴങ്ങുന്ന  ഭാഷയുമായി ഞാന്‍ തിരിച്ചു വന്നേക്കും..
തല്ക്കാലം വിട.. അയാള്‍ ആശ്വാസത്തോടെ കിടക്കയില്‍ കയറി മലര്‍ന്നു കിടന്നു...

Wednesday, 6 June 2012

ഇത് മാമ്പഴക്കാലം....

ഇത് മാമ്പഴക്കാലം.... 
മാവില്‍ നിന്ന് മാവിലേക്ക്‌ പറന്നിറങ്ങി കാക്കകള്‍ മാമ്പഴം കൊത്തി തിന്നുന്നു... 
പാറി പറന്നിറങ്ങുന്ന കൊമ്പിലെ കരിയിലകള്‍ കാക്ക കാലുകള്‍ക്കിടയില്‍ അമര്‍ന്നു പൊടിഞ്ഞു തീരുന്നു..  കുഞ്ഞുപക്ഷികളും, ഉറുമ്പിന്‍ പറ്റങ്ങളും, സര്‍വ്വ ചെറുജീവികളും ഓടിയൊളിക്കുന്നു.. 
 കാക്കകള്‍ പറന്നിറങ്ങുന്നത് മാമ്പഴം തിന്നാനോ അതോ ചെറുജീവികളെ ചവിട്ടി മെതിക്കാനോ ?
കാക്കകള്‍ക്ക് മാമ്പഴം ഇത്ര ഇഷ്ടമോ? 

എന്ന് തീരും ഈ മാമ്പഴക്കാലം?  

Thursday, 10 May 2012

നട്ടെല്ല്


നട്ടെല്ല് എന്ത് കൊണ്ടാണ് ഇത്രയും പ്രാമുഖ്യമുള്ള എല്ലായി മാറിയത്?
ആണത്തമില്ലാത്ത പുരുഷന്മാരെ നട്ടെല്ല് ഇല്ലാത്തവര്‍ എന്ന് വിളിക്കുന്നു... 
എന്ത് കൊണ്ട്? എന്ത് കൊണ്ട്? 
നിവര്‍ന്നു നില്‍ക്കാന്‍ നട്ടെല്ല് വേണം.. അല്ലെ? 
നിവര്‍ന്നു നില്ക്കാന്‍ കെല്‍പ്പില്ലാതെ  അവസരത്തിലും, അനവസരത്തിലും   നടു വളച്ചൊടിച്ചു ചുരുങ്ങി കൂടി നില്‍ക്കുന്ന പുരുഷന്മാര്‍ നട്ടെല്ല് ഇല്ലാത്തവര്‍ തന്നെ.. അങ്ങനെ തന്നെയല്ലേ പറയേണ്ടത്?
അപ്പൊ സ്ത്രീയോ? അവള്‍ക്കും നട്ടെല്ല് പ്രധാനമല്ലേ? അതോ അവള്‍ അതു വളച്ചൊടിച്ചു നിന്നാലേ നല്ലവള്‍ എന്ന പേര് കിട്ടൂ? 
സ്ത്രീ ഭയന്ന്, ഒതുങ്ങി, അഭിപ്രായങ്ങളില്ലാത്തവള്‍ ആയി നില കൊണ്ടാലേ ബഹുമാനം കിട്ടൂ എന്ന സ്ഥിതി ഏറെ കുറെ മാറിയിരിക്കുന്നു.. ഇല്ലേ.. അങ്ങനെയല്ലേ? 
എന്നാലിന്നും, അങ്ങിനെ പമ്മിയിരിക്കുന്ന പൂച്ചക്കുട്ടികള്‍ ആണ് പാവങ്ങള്‍ എന്നൊരു പറച്ചിലുണ്ട്..
(അതായത് നട്ടെല്ല് യഥേഷ്ടം വളച്ചു പിടിക്കാവുന്ന സ്ത്രീകള്‍)
 അവരെ വളരെ സ്നേഹത്തോടെ കൊഞ്ചിക്കുന്ന പലരെയും കണ്ടിട്ടുണ്ട്.. സത്യത്തില്‍ മിണ്ടാതിരിക്കലും, പാവമഭിനയിക്കലും മാറ്റി നിറുത്തിയാല്‍ നട്ടെല്ലുള്ള സ്ത്രീകള്‍ അഭിപ്രായം പറയാന്‍ ധൈര്യം ഉള്ളവരായിരിക്കും.. 
നട്ടെല്ല് എന്ന ഈ എല്ല് സ്ത്രീക്കായാലും, പുരുഷനായാലും വളരെ പ്രാധാന്യമുള്ളത് തന്നെ.. 
പറയാനുള്ളത് പറയാനും, ചെയ്യാനുള്ളത് ചെയ്യാനും നട്ടെല്ല് വളക്കാതെ സത്യങ്ങള്‍ പറയാനും കഴിവുള്ളവരെ തന്നെയേ അംഗീകരിക്കേണ്ട കാര്യമുള്ളൂ. 
പക്ഷെ ഞാന്‍ ചിന്തിച്ചു..എന്‍റെ നട്ടെല്ല് ഞാന്‍ ഇപ്പോഴും നിവര്‍ത്തിയാണോ പിടിക്കുന്നത്‌?
അല്ല.... പേടിച്ചും, പലരെയും വെറുപ്പിക്കേണ്ട എന്ന് കരുതിയും ഞാനും അധിക സമയവും എന്‍റെ നട്ടെല്ലിനെ ചുരുട്ടി, പാമ്പ്, പാമ്പാട്ടിയുടെ കൂടയില്‍ കിടക്കും പോലെ ആണ് വച്ചിരിക്കുന്നത്.. 
പിന്നെ എനിക്ക് ഈ പ്രസംഗമെഴുതാന്‍ എന്ത് യോഗ്യത? എന്നാലും ഈ ബ്ലോഗിങ്ങ് തുടങ്ങിയതില്‍ പിന്നെ എനിക്കെന്‍റെ നട്ടെല്ല് നിവര്‍ത്തി പിടിക്കാന്‍ അവസരം കിട്ടുന്നുണ്ട്‌ എന്നൊരു സന്തോഷമുണ്ട്.. 
(നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങല്ലേ എഴുതപ്പെടുന്നത്‌? അപ്പോള്‍ ഇതും ഒരു ഒളിച്ചോട്ടമോ, ഒളിച്ചുകളിയോ  ഒക്കെയല്ലേ?  )



Friday, 4 May 2012

എവിടെ പോയി മുല്ലപെരിയാരും, ചേട്ടന്മാരും?


നിങ്ങള്‍ക്ക് സാമൂഹ്യബോധമുണ്ടോ?
സഹജീവികളോട് സഹാനുഭൂതിയുണ്ടോ? 
നിങ്ങളെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹതയുള്ളവരെ കുറിച്ച് നിങ്ങള്‍ ഇത് വരെ ചിന്തിച്ചിട്ടുണ്ടോ?
മുല്ലപ്പെരിയാര്‍ അണകെട്ട് ഇന്നോ നാളെയോ പൊട്ടി തെറിക്കും.. 
നിങ്ങള്‍ ഇവിടെ ഇങ്ങനെ അനങ്ങാ പാറ  പോലിരിക്കുന്നത്‌ മനസ്സാക്ഷിയുടെ കുറവ് കൊണ്ട് മാത്രമല്ലെ.,... 

ഇതൊന്നും എന്‍റെ വാക്കുകളല്ല.. ഒരാറു മാസം മുന്‍പ് ഇവിടെ പല വേദികളിലും പല  മഹാന്മാരും ഉദ്ഘോഷിച്ച മൊഴിമുത്തുകള്‍ ആണ്. ഇപ്പോള്‍ അവര്‍ തിരക്കിലാണ്..  ഏതൊരു സാധാരണ മാധ്യമത്തെ പോലെയും തരം
 താണിരിക്കുന്നു.. പുതിയ വാര്‍ത്തകളില്‍ പഴയ വാര്‍ത്തകള്‍ മുങ്ങി പോയിരിക്കുന്നു...
അടുത്ത വാര്‍ത്ത അന്വേഷിച്ചു മുല്ലപെരിയാരിനെയും മറന്നു മുന്നേറിയിരിക്കുന്നു..   (അപ്പൊ ഇത്രെയേ ഉണ്ടായിരുന്നുള്ളൂ ആ അണകെട്ടിന്റെ പ്രാധാന്യം?) 

എന്‍റെ അറിവ് ശരിയാണെങ്കില്‍ മുല്ലപെരിയാര്‍ പൊട്ടി തെറിച്ചിട്ടില്ല ഇത് വരെ.. 
ഇപ്പോഴും അതിന്‍റെ പരിസര പ്രദേശങ്ങളില്‍ ജീവിച്ചവര്‍ അവിടെ തന്നെയുണ്ട്‌.. (അതോ ഈ മഹാന്മാര്‍ കൂട്ടം ചേര്‍ന്ന് പോയി അവരെ പുനരധിവസിപ്പിച്ചോ?)
ആ ആവേശം കണ്ടപ്പോള്‍ ഞാനന്ന് തെറ്റിദ്ധരിച്ചു പോയി.. ഇവരൊക്കെ കൂടി എന്തൊക്കെയോ ചെയ്യാന്‍ പോകുന്നു എന്ന്.. 
ഇല്ലന്നെ.. എല്ലാം വെറും നാടകങ്ങള്‍..
 (ഒരു പക്ഷെ നിങ്ങള്‍ പറയുമായിരിക്കും, അവര്‍ എന്നല്ല ആര് കൂട്ടിയാലും ഒന്നും നടക്കില്ല.. അതു വ്യവസ്ഥിതിയുടെ തകരാറാണ്.. അതിനു ഒരു കൂട്ടത്തെ പഴിച്ചു അവരെ നിരുത്സാഹപ്പെടുത്തരുത്‌ എന്നൊക്കെ.. )

ഇറ്റലിയും, സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിങ്ങും, മുസ്ലിം ലീഗും എല്ലാം കൂടി നല്ല വിരുന്നൊരുക്കിയിരിക്കുന്നു... അപ്പോള്‍ നമ്മുടെ വികാരം കൊണ്ട സര്‍വ്വ ചേട്ടന്മാരും മദാമ്മയുടെയും, വെള്ള പട്ടാളത്തിന്റെയും വിശേഷം അറിയാന്‍ ഓടിയിരിക്കുന്നു.. പിന്നെ മുല്ലപെരിയാര്‍ നോക്കാനും അവര്‍ക്ക് വേണ്ടി എഴുതി കൂട്ടാനും എവിടെ സമയം അല്ലെ.. 
പുതിയ വിഷയങ്ങളെ തൃണവല്‍ഗണിക്കൂ എന്നല്ല എന്‍റെ ആഹ്വാനം..
 പക്ഷെ കാട്ടി കൂട്ടിയ ആവേശത്തിന്റെ അളവല്‍പ്പം കുറയ്ക്കാമായിരുന്നു ചേട്ടന്മാര്‍ക്ക്... 
ഇത്തരം കൊപ്രയങ്ങള്‍ക്ക് കൂട്ട് നിലക്കത്തവരെ പഴിക്കാതിരിക്കാമായിരുന്നു, ഇത് പോലൊരു മറവി ഇവര്‍ക്ക് സാധ്യമാകുമായിരുന്നെങ്കില്‍.. 

Thursday, 3 May 2012

കൊല


നിങ്ങള്‍ക്ക് ഒരാളെ കൊല്ലണം എന്നുണ്ടെങ്കില്‍ രണ്ടു മാര്‍ഗ്ഗമുണ്ട്.. 
  • ഒന്ന് നേരിട്ട് പോയി അയാളെ അങ്ങ് ശരിപ്പെടുത്താം.. 
  • അല്ലെങ്കില്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്താം.. 
രണ്ടായാലും കൊല, കൊല തന്നെ... അതോ അങ്ങനെയല്ലേ?