Tuesday 31 July 2012

കിടക്കയും ഞാനും..

(ഒരു കഥ)
(ചിത്രത്തിന് കടപ്പാട് - ഗൂഗിള്‍) )


കിടന്നു കിടന്നു കിടക്കക്കും പിടിച്ചിരിക്കുന്നു വൃണങ്ങള്‍ .. അങ്ങിങ്ങായി കാണുന്ന ചോരപ്പാടുകള്‍.. മൂത്രപ്പാടുകള്‍.. ... 
കിടന്നാലും ഇരുന്നാലും കിടക്കയെ വൃണപ്പെടുത്തുന്ന മുറിപ്പാടുകള്‍.... 
മരണം.. അതും ഈ വീട്ടിലുള്ളവരെ പോലെ മുറിക്കുള്ളിലേക്ക് കടന്നു വരാന്‍ മടിച്ചു പുറത്തെ ഇടനാഴിയിലോ, പൂമുഖത്തോ, അതോ മുറ്റത്തോ ഒക്കെ ചുറ്റി നടക്കുന്നുണ്ടാവണം.. 
ദയാവധത്തിനെതിര് നില്‍ക്കുന്ന  നിയമാവലിയെയും , പീനല്‍കോടിനെയും വിളിച്ചാല്‍ അവര്‍ എന്‍റെ കിടക്കവിരി മാറ്റി തരുമോ? 
എന്നെ കൊന്നു തരൂ എന്നാര്‍ത്തു വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.. 
എല്ലാവരുടെ മുഖത്തും വിരിയുന്ന മടുപ്പിന്‍റെ ആക്കം കൂടി വരുന്നതനുസരിച്ച്‌ എന്‍റെ നിസ്സംഗ ഭാവം ഞാന്‍ വര്‍ദ്ധിപ്പിച്ചു വരുന്നു..  അങ്ങനെയാണ് എന്‍റെ ധാരണ എന്നെ പറയാനാകൂ.. ഞാനും പൊട്ടി തെറിക്കാനും, വിതുമ്പാനും, വെമ്പി നില്‍ക്കുകയാണ്.. പ്രതികരണശേഷി നഷ്ടപ്പെടുന്നതെപ്പോഴാണ്...  മനസ്സ് ആശിക്കുന്നിടത്ത് ശരീരമെത്താതാകുമ്പോള്‍ .. തളരുമ്പോള്‍... 

നാലരകൊല്ലമായി ഇതേ രീതിയില്‍, ഇതേ കിടക്കയില്‍, തിരിയാതെ, ചെരിയാതെ കിടന്ന കിടപ്പ് തുടങ്ങിയിട്ട്.. 
കിടപ്പ് തുടങ്ങിയപ്പോള്‍ കിടക്ക പതുപതുപ്പുള്ള നനുത്ത തൂവല്‍ പോലെ സുഖം തരുന്നതായിരുന്നു.. 
ഒന്നരാടം വിരിപ്പ് മാറ്റാന്‍ ഈ വീട്ടിലുള്ളവര്‍ക്കൊക്കെ ഉത്സാഹമായിരുന്നു.. 
ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, കിടക്കയുടെ നടുഭാഗത്തെ പഞ്ഞി കുതിര്‍ന്നു  വിണ്ടു കീറി പോയിരുന്നു.. 
 മൂത്രം കമ്മോടിനെ മറി കടന്നു തുളുമ്പി വീണു വീണുണ്ടായ വിണ്ടു കീറലുകളെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല.. 
മനുഷ്യനല്ലേ.. അറപ്പും, വെറുപ്പും സ്വാഭാവികം.. വല്ലപ്പോഴും മുറിയുടെ വാതിലില്‍ തല നീട്ടി  കുറവുണ്ടോ എന്ന് ചോദിക്കുന്നുണ്ടല്ലോ.. മതി..  അതായിരുന്നു അന്നത്തെ ചിന്ത... 
പക്ഷെ ഇപ്പൊ ഇപ്പോഴായി അതിനും മെനക്കെടുന്നില്ല മക്കളും മരുമക്കളും.. 
കര്‍ത്തവ്യനിര്‍വഹണം എന്ന നിലയില്‍ ഈ മുറി വാതില്‍ തുറന്നകത്തു  വരുന്നവര്‍ക്ക്   പുറത്തു കടക്കാനുള്ള ഉത്സാഹം കാണുമ്പോള്‍ അവരോടു ഒച്ചയിട്ടു സംസാരിക്കണമെന്ന് തോന്നും... പക്ഷെ നാളെ അവരും വരാതായാല്‍? 

മരണം എങ്ങിനെയാണ്  ഒരാളെ  വരിക്കുന്നത്? എന്താണ് മാനദണ്ഡം? 
ഓടി നടക്കുന്ന അരോഗദൃടഗാത്രന്മാരെ വന്നു കൂട്ടി പോകാന്‍ കാണിക്കുന്ന ഉത്സാഹം ഈ മാംസപിണ്ടത്തെ വഹിക്കുമ്പോള്‍ ഇല്ലാത്തതാണോ ഈ ശുഷ്കാന്തിയില്ലായ്മക്ക് ഹേതു? 
നീ മാത്രമാണിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന അതിഥി..  ഈ മന്ത്രം ദിവസത്തില്‍ പത്തോ പന്ത്രണ്ടോ തവണ ഉരുവിടുന്നു.. 
അറിയുന്ന ദൈവങ്ങളെ ഒക്കെ വിളിക്കുന്നു.. പക്ഷെ കുഞ്ഞിരാമനെ കൊണ്ട് പോകാന്‍ വന്നില്ല ഒരു കാലനും.. 
വിണ്ടു കീറിയ ശരീരം ഒരിക്കല്‍ ഇവിടെ ഈ വൃണിതമായ കിടക്കയില്‍ കിടന്നു ചീഞ്ഞു പോയാല്‍  ആരുണ്ട്‌ വേദനിക്കാന്‍.. 
വഴുവഴുത്ത, കിടക്ക സമ്മാനിച്ച മുറിവുകളുടെ ദുര്‍ഗന്ധത്തെ ഉപേക്ഷിച്ചു പോകാന്‍ കഴിയുമോ? കിടക്കയുടെ വശങ്ങളില്‍ കൂട് വച്ചിരിക്കുന്ന ചോരകുടിയന്മാരായ മൂട്ടക്കൂട്ടത്തിന്റെ കൂട്ടായ ആക്രമത്തില്‍ നിന്ന് രക്ഷ ലഭിക്കുമോ? 
ആത്മഹത്യ ചെയ്യാനും വേണ്ടേ ആരോഗ്യം? വേണം.. 
ഈ വാതായനങ്ങളെ മറി കടന്നു മരണം പതുക്കെ കടന്നു വരുന്ന വരെ ഈ കിടപ്പ് മാത്രം.. 
കൂട്ടിനു മൂത്രം കുതിര്‍ത്തിയ ഈ കിടക്കയും... 

2 comments:

ajith said...

ദയാവധം വേണമെന്നാണോ?
തര്‍ക്കവിഷയമാണല്ലോ.

Sreedevi .M. Menon said...

ദയാവധം ആഗ്രഹിച്ചത്‌ കുഞ്ഞിരാമനാണ്.. ഞാന്‍ വേണമെന്നും, വേണ്ടാന്നും പറയില്ല..
എനിക്കുമുണ്ട് ഈ വിഷയത്തില്‍ രണ്ടഭിപ്രായം..