Sunday, 25 November 2012

കൈരളിയുടെ മുഖം - അഥവാ കണ്ണേട്ടന്‍ ..


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍ 


എനിക്ക് യാത്രയയപ്പ് നല്‍കരുത്.. 
കാലചക്രത്തിന്റെ കറങ്ങിതിരിച്ചലില്‍ എന്നെങ്കിലും ഒരവസരം ഒത്തു വന്നാല്‍ ഒരു തവണയെങ്കിലും ഞാനീ കൈരളിയില്‍ തിരിച്ചെത്തും.. അങ്ങനെ ഒരു വരവ് സാധ്യമാകും എന്നെന്റെ മനസ്സിനെ പഠിപ്പിച്ചു കൊണ്ട് നടന്നു നീങ്ങാനാണ് എനിക്കിഷ്ടം.. യാത്രയയപ്പും, കണ്ണീര്‍ തുള്ളികളും മനസ്സിന്റെ ഭാരം വര്‍ദ്ധിപ്പിക്കും.... വേണ്ട... ഒന്നും വേണ്ട.. 


എത്ര വര്‍ഷമായി ഈ ഊഷരഭൂമി എന്ന് പച്ചപ്പിന്റെ മടിതട്ടിലിരിക്കുന്നവര്‍ വിളിക്കുന്ന ഇടത്തിലെത്തിയിട്ട്? 28വര്‍ഷം ?? അതോ 30 ? ഓര്‍മ്മയില്ല... അതോ ഓര്‍ക്കാന്‍ മെനക്കെടാത്തതോ? സമയം കിട്ടിയില്ല... വിരഹവും കുടുംബത്തെ വേര്‍ പിരിഞ്ഞിരിക്കലും ഒന്നും മനസ്സിനെ നോവിച്ചതെയില്ല...ഇക്കാലമത്രയും... ഇനി... 

  കണ്ണേട്ടാ  .. പോകതിരുന്നു കൂടെ? എങ്ങിനെയെങ്കിലും അര്‍ബാബിനെ കൊണ്ട് ഇന്‍ഷുറന്‍സ് കാലാവധി നീട്ടി, വിസയെടുപ്പിച്ചു ഒരു മൂന്നാല് കൊല്ലം കൂടിയെങ്കിലും... 

ഈ ചോദ്യം ചോദിച്ച വ്യക്തിയുടെ മുഖം കണ്ണേട്ടനോര്‍മ്മയില്ല.... ഒരു വ്യക്തിയാണോ, ഒരു സമൂഹമൊന്നിച്ചാണോ ഈ ചോദ്യം തൊടുത്തു വിട്ടത്? 
ഈ യാത്ര അനിവാര്യത മാത്രം.. വേണ്ടാന്ന് വയ്ക്കാനോ, മറിച്ച് ചിന്തിക്കാനോ നിര്‍വാഹമില്ല.. 
ഒരിക്കല്‍ പോകണമെന്ന് കരുതി തന്നെ വന്നു പെട്ടതായിരുന്നെങ്കിലും ഈ കൈരളിയുടെ (ബഹ്റൈനിലെ ഏറ്റവും പ്രശസ്തമായ മലയാളി കൂട്ടായ്മക്ക് ഇതിലും ഉചിതമായ വേറെ പേരുണ്ടോ ) മടിത്തട്ടിലെ നാടിന്‍റെ കുളിരില്‍ എല്ലാം മറന്നു പോയി എന്നതാണ് സത്യം...
 കാര്‍ന്നോരായി, ഇല്ലാത്ത ചാരുകസേരയില്‍ ചാരി കിടക്കുന്ന സങ്കല്‍പ്പത്തില്‍ എത്ര തലമുറകളെ കണ്ടു?? കണ്ണേട്ടനാണ് കൈരളിയുടെ മുഖം.. ഈ മലയാളി കൂട്ടായ്മയുടെ ശക്തി..
തൊടിയിലും പരിസരത്തും ചുറ്റി നടക്കുന്ന കാര്‍ന്നോരെ പോലെ കണ്ണേട്ടന്‍ കൈരളിയില്‍ ചുറ്റി നടക്കും. ശാസിക്കെണ്ടവരെ ശാസിക്കും - ചിലപ്പോള്‍ തിരുത്തിയേക്കും -


പകരക്കാരനെ വച്ചാല്‍ കൃത്രിമത്വം തോന്നി പോയേക്കും.. കണ്ണേട്ടന്‍ ഒരാള്‍ മാത്രം..
കൈരളിയുടെ  ഗേറ്റ് കടന്നു വരുമ്പോള്‍ ആദ്യം കാണുന്ന മുഖം - അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖം മറ്റൊരളുടെതല്ലല്ലോ -

മലയാള സിനിമയിലെ ശങ്കരാടിയെ പോലെയോ, ഒടുവില്‍ ഉണ്ണികൃഷ്ണനെ പോലെയോ ഒരു കാലഘട്ടത്തെയോ ഒരു സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്ന മുഖം... 
കണ്ണേട്ടന് 65 വയസ്സ് കഴിഞ്ഞിരിക്കുന്നു... കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, കമ്പനി പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി എടുത്താണ് കണ്ണേട്ടനെ  ബഹറൈനില്‍ പിടിച്ചു വച്ചിരിക്കുന്നത്.. 60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ വിസ പുതുക്കാന്‍ ഒരു പിടി നൂലാമാലകളുണ്ട്.. പക്ഷെ കണ്ണേട്ടന് പകരം വക്കാന്‍ ഒരാളെ കണ്ടെത്തുന്നതിനു പകരം ആ നൂല മാലകള്‍ അഴിച്ചെടുക്കുന്നതാണ്  എളുപ്പം എന്ന് മേലാധികാരികള്‍ ചിന്തിച്ചു കാണും.. ഇനി തിരിച്ചൊരു യാത്രക്ക് സമയമായി എന്ന് കണ്ണേട്ടന് എപ്പോഴാവും

തോന്നിയിരിക്കുക.. 
എല്ലാത്തിനും ഒരവസാനമില്ലേ അല്ലെ? അങ്ങനെ ഒരു യാത്രക്കാണ് സമയമായിരിക്കുന്നത്.. 
സംഘര്‍ഷഭരിതമാണ് മനസ്സ്.. പിടിവലിക്കിടയില്‍ വീര്‍പ്പുമുട്ടി ശ്വാസം കിട്ടാതെ അതു പിടയുന്നുണ്ട്‌... ..... 
എല്ലാ തീരുമാനങ്ങളും  നമ്മുടെതാകണം എന്ന് നമുക്കു വെറുതെ മോഹിക്കാം.. വാശി പിടിക്കാം പക്ഷെ ഏതോ ഒരു ശക്തി എവിടെയോ ഇരുന്നെടുക്കുന്ന തീരുമാനങ്ങളെ മാറ്റി മറിക്കാന്‍ നാം എന്നും അശക്തരാണ് ..

കണ്ണേട്ടന്റെ യാത്രയയപ്പ് ഒരു വന്‍ ചടങ്ങാക്കി മാറ്റണം..

മുക്കിലും മൂലയിലും ചര്‍ച്ചയോട് ചര്‍ച്ച

ആത്മാര്‍ഥതയും അഭിനയങ്ങളും ഇഴ ചേര്‍ന്ന് കൊണ്ടുള്ള കൊണ്ട് പിടിച്ച ചര്‍ച്ചകള്‍ ....
അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരു യാത്രയയപ്പ് വളരെ വര്‍ണ്ണാഭമായ ഒരു  ചടങ്ങാക്കി മാറ്റിയാല്‍   അതും പൊന്‍തൂവല്‍ തന്നെ.. ഈ ഒരവസരാതെ പാഴാക്കാതെ കണ്ണേട്ടനെ  തിരുത്തി, നല്ല ബുദ്ധി ഉപദേശിച്ചു വേദിയിലേക്ക് ആനയിക്കേണ്ടത്  ഓരോരുത്തരുടെയും കടമ തന്നെ എന്ന് അവര്‍ തിരിച്ചറിഞ്ഞു.. 
ഈ 29 -ആം തിയതി  വേദിയില്‍ കണ്ണേട്ടന്‍ മുഖ്യാതിഥി ആയി ഉപവിഷ്ടനാകണം   മങ്കമാര്‍ കണ്ണേട്ടനെ

 ആനയിച്ചു വേദിയില്‍ എത്തിക്കും.. (ചടങ്ങുകള്‍ മോടി കൂട്ടാന്‍ മങ്കമാരുടെ സാന്നിധ്യം ഒഴിച്ചു കൂടാന്‍ വയ്യാത്ത ചേരുവ ആണല്ലോ..)
 തുടര്‍ന്ന്   അദ്ധ്യക്ഷ പ്രസംഗം.. ഓര്‍മ്മകള്‍ അയവിറക്കല്‍ - 
അങ്ങിനെ ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം നടത്താന്‍ പല പ്രമുഖരും  താല്പര്യം  പ്രകടിപ്പിച്ചു  കഴിഞ്ഞിരിക്കുന്നു.. 
ഒടുവില്‍ മോമെന്‍ന്റോ നല്‍കി കണ്ണേട്ടനെ  ആദരിച്ചു യാത്രയാക്കുന്നു ... 
 നേര്‍ത്ത മഞ്ഞുള്ള ഒരു   സന്ധ്യ - 28ഡിസംബര്‍
.. 
എയര്‍പോര്‍ട്ടില്‍ എത്തിയ സഹമുറിയന്റെ കൈ കവര്‍ന്നു കണ്ണേട്ടന്‍ മന്ത്രിച്ചു ...

യാത്ര പറയാതെ പോകാനേ എനിക്കാവു.. കണ്ണീര്‍ കമ്മ്യൂണിസ്റ്റ്‌കാരനെ ദുര്‍ബലനാക്കിയേക്കും ..


ഞാന്‍ വരും...മറ്റൊന്നും തന്നെ പരാമര്‍ശിക്കാതെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി മാത്രം അയച്ചാല്‍ വിസ നാട്ടിലെത്തും എന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളേ കാണാന്‍.
പക്ഷെ ചടങ്ങും യാത്രയയപ്പും വേണ്ടെന്നു വച്ചെന്നു മാത്രം...

യാത്ര പറയാതെ പോയാലും എന്നെങ്കിലും വരാനുള്ള അവസരത്തെ അടച്ചു പൂട്ടലാവില്ലല്ലോ അല്ലെ.. പറയൂ. എല്ലാരോടും.. മറക്കില്ല എന്ന് മാത്രം.. 

ഡിസംബറിലെ  ആ തണുത്ത സന്ധ്യയില്‍   യാത്ര പറച്ചിലിന്റെ അസ്വസ്ഥത ഒഴിവാക്കി കണ്ണേട്ടന്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തില്‍  വടകരയിലെ കൊച്ചുമക്കള്‍ കാത്തിരിക്കുന്ന ആ കൊച്ചുവീടിനെ ലക്ഷ്യമാക്കി പറന്നു

... 
കൈരളിയുടെ 29 തിയതിയിലെ ചടങ്ങില്‍ കണ്ണേട്ടന്‍ ഒരു അനിവാര്യത ആണോ ??
തലേന്ന് വിമാനം കയറിയ കണ്ണേട്ടനെ  കുറിച്ചുള്ള ഓര്‍മകളും അവര്‍ക്ക്  അയവിറക്കാമല്ലോ അല്ലെ? 
എന്തായാലും കണ്ണേട്ടനൊരു പകരക്കാരനെ കണ്ടെത്താന്‍ അവര്‍ക്കാവില്ല.