Tuesday, 31 July 2012

മധുരിക്കുന്ന ഹണി കയ്ച്ചു തുടങ്ങിയോ?

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )


മധുര ഹണി ഒരു തരംഗമാകുന്നത് കണ്ടപ്പോള്‍ പലര്‍ക്കും വീര്‍പ്പുമുട്ടല്‍.. ഹോ.. ഇവള് ഒറ്റ ദിവസം കൊണ്ടല്ലേ സ്റ്റാര്‍ ആയി പോയത്? 
ഒളിമ്പിക്സ് താരങ്ങള്‍ക്കൊപ്പം ഒരു നടത്തം.. എവിടെ നിന്ന് വന്നു .. എവിടേക്ക് പോയി..
ഇവിടെ തെക്കോട്ടും വടക്കോട്ടും ക്യാമറക്ക് വിലങ്ങനെയും, കുറുകെയും നടന്നിട്ടും നമ്മുടെ മാവ് മാത്രം പൂത്തില്ലല്ലോ.. 
ഇവള് നമ്മുടെ സഖാക്കന്മാരുടെ ചുവപ്പും വാരിയുടുത്തു ഒരൊറ്റ നടത്തം അങ്ങ് നടന്നതോടെ അവളുടെ പേര് ലോകം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു.. 
സുപ്രസിദ്ധി ആയാലും, കുപ്രസിദ്ധി ആയാലും സംഗതി ജോറായി.. അവള് സ്റ്റാറുമായി.. 
കള്ളപേരില്‍ ഫേസ് ബുക്കിലാരോ തുടങ്ങിയ അക്കൌണ്ടില്‍ ദേ 108  കൂട്ടുകാര്‍.. .. 
ഇത് അവള്‍ അല്ലെന്നും, ഇതാരോ കള്ളപേരില്‍ തുടങ്ങിയ സംഭവമാണെന്നും അറിയാതെയാണോ, അതോ അറിഞ്ഞു കൊണ്ടോ ഇവന്മാരൊക്കെ പോയി കൂട്ട് പിടിച്ചിരിക്കുന്നത്.. 
ആളുകള്‍ ഉറക്കമൊഴിച്ചിരുന്നു മധുര ഹണിയെ ഫോട്ടോഷോപ്പ് വഴി എത്തിക്കാവുന്നിടത്തൊക്കെ  എത്തിക്കുന്നു.. ഒബാമക്കൊപ്പവും, മന്‍മോഹന്‍ സിങ്ങിനൊപ്പവും, സോണിയ ഗാന്ധിക്കൊപ്പവും, വേള്‍ഡ് കപ്പിലും, യേശു ക്രിസ്തുവിനൊപ്പവും ... എന്തിന് ചന്ദ്രനില്‍ വരെ ഇറക്കുന്നു.. 
പണ്ട് ചാള്‍സ് രാജകുമാരന്‍ ഭാരത സന്ദര്‍ശനം നടത്തിയപ്പോള്‍ രതി അഗ്നിഹോത്രി അദ്ദേഹത്തിനു നല്‍കിയ ചുടു ചുംബനം അവരെ വളരെ പ്രശസ്തയാക്കിയിരുന്നു.. 
അപ്പോള്‍ നേര്‍ വഴിക്ക് കാര്യം നടന്നില്ലെങ്ങില്‍ ദേ ഇങ്ങനെയുമുണ്ട് കുറുക്കു വഴികള്‍.. 
വേണമെങ്കില്‍ പരീക്ഷിക്കാം.. 

കിടക്കയും ഞാനും..

(ഒരു കഥ)
(ചിത്രത്തിന് കടപ്പാട് - ഗൂഗിള്‍) )


കിടന്നു കിടന്നു കിടക്കക്കും പിടിച്ചിരിക്കുന്നു വൃണങ്ങള്‍ .. അങ്ങിങ്ങായി കാണുന്ന ചോരപ്പാടുകള്‍.. മൂത്രപ്പാടുകള്‍.. ... 
കിടന്നാലും ഇരുന്നാലും കിടക്കയെ വൃണപ്പെടുത്തുന്ന മുറിപ്പാടുകള്‍.... 
മരണം.. അതും ഈ വീട്ടിലുള്ളവരെ പോലെ മുറിക്കുള്ളിലേക്ക് കടന്നു വരാന്‍ മടിച്ചു പുറത്തെ ഇടനാഴിയിലോ, പൂമുഖത്തോ, അതോ മുറ്റത്തോ ഒക്കെ ചുറ്റി നടക്കുന്നുണ്ടാവണം.. 
ദയാവധത്തിനെതിര് നില്‍ക്കുന്ന  നിയമാവലിയെയും , പീനല്‍കോടിനെയും വിളിച്ചാല്‍ അവര്‍ എന്‍റെ കിടക്കവിരി മാറ്റി തരുമോ? 
എന്നെ കൊന്നു തരൂ എന്നാര്‍ത്തു വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല.. 
എല്ലാവരുടെ മുഖത്തും വിരിയുന്ന മടുപ്പിന്‍റെ ആക്കം കൂടി വരുന്നതനുസരിച്ച്‌ എന്‍റെ നിസ്സംഗ ഭാവം ഞാന്‍ വര്‍ദ്ധിപ്പിച്ചു വരുന്നു..  അങ്ങനെയാണ് എന്‍റെ ധാരണ എന്നെ പറയാനാകൂ.. ഞാനും പൊട്ടി തെറിക്കാനും, വിതുമ്പാനും, വെമ്പി നില്‍ക്കുകയാണ്.. പ്രതികരണശേഷി നഷ്ടപ്പെടുന്നതെപ്പോഴാണ്...  മനസ്സ് ആശിക്കുന്നിടത്ത് ശരീരമെത്താതാകുമ്പോള്‍ .. തളരുമ്പോള്‍... 

നാലരകൊല്ലമായി ഇതേ രീതിയില്‍, ഇതേ കിടക്കയില്‍, തിരിയാതെ, ചെരിയാതെ കിടന്ന കിടപ്പ് തുടങ്ങിയിട്ട്.. 
കിടപ്പ് തുടങ്ങിയപ്പോള്‍ കിടക്ക പതുപതുപ്പുള്ള നനുത്ത തൂവല്‍ പോലെ സുഖം തരുന്നതായിരുന്നു.. 
ഒന്നരാടം വിരിപ്പ് മാറ്റാന്‍ ഈ വീട്ടിലുള്ളവര്‍ക്കൊക്കെ ഉത്സാഹമായിരുന്നു.. 
ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍, കിടക്കയുടെ നടുഭാഗത്തെ പഞ്ഞി കുതിര്‍ന്നു  വിണ്ടു കീറി പോയിരുന്നു.. 
 മൂത്രം കമ്മോടിനെ മറി കടന്നു തുളുമ്പി വീണു വീണുണ്ടായ വിണ്ടു കീറലുകളെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല.. 
മനുഷ്യനല്ലേ.. അറപ്പും, വെറുപ്പും സ്വാഭാവികം.. വല്ലപ്പോഴും മുറിയുടെ വാതിലില്‍ തല നീട്ടി  കുറവുണ്ടോ എന്ന് ചോദിക്കുന്നുണ്ടല്ലോ.. മതി..  അതായിരുന്നു അന്നത്തെ ചിന്ത... 
പക്ഷെ ഇപ്പൊ ഇപ്പോഴായി അതിനും മെനക്കെടുന്നില്ല മക്കളും മരുമക്കളും.. 
കര്‍ത്തവ്യനിര്‍വഹണം എന്ന നിലയില്‍ ഈ മുറി വാതില്‍ തുറന്നകത്തു  വരുന്നവര്‍ക്ക്   പുറത്തു കടക്കാനുള്ള ഉത്സാഹം കാണുമ്പോള്‍ അവരോടു ഒച്ചയിട്ടു സംസാരിക്കണമെന്ന് തോന്നും... പക്ഷെ നാളെ അവരും വരാതായാല്‍? 

മരണം എങ്ങിനെയാണ്  ഒരാളെ  വരിക്കുന്നത്? എന്താണ് മാനദണ്ഡം? 
ഓടി നടക്കുന്ന അരോഗദൃടഗാത്രന്മാരെ വന്നു കൂട്ടി പോകാന്‍ കാണിക്കുന്ന ഉത്സാഹം ഈ മാംസപിണ്ടത്തെ വഹിക്കുമ്പോള്‍ ഇല്ലാത്തതാണോ ഈ ശുഷ്കാന്തിയില്ലായ്മക്ക് ഹേതു? 
നീ മാത്രമാണിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന അതിഥി..  ഈ മന്ത്രം ദിവസത്തില്‍ പത്തോ പന്ത്രണ്ടോ തവണ ഉരുവിടുന്നു.. 
അറിയുന്ന ദൈവങ്ങളെ ഒക്കെ വിളിക്കുന്നു.. പക്ഷെ കുഞ്ഞിരാമനെ കൊണ്ട് പോകാന്‍ വന്നില്ല ഒരു കാലനും.. 
വിണ്ടു കീറിയ ശരീരം ഒരിക്കല്‍ ഇവിടെ ഈ വൃണിതമായ കിടക്കയില്‍ കിടന്നു ചീഞ്ഞു പോയാല്‍  ആരുണ്ട്‌ വേദനിക്കാന്‍.. 
വഴുവഴുത്ത, കിടക്ക സമ്മാനിച്ച മുറിവുകളുടെ ദുര്‍ഗന്ധത്തെ ഉപേക്ഷിച്ചു പോകാന്‍ കഴിയുമോ? കിടക്കയുടെ വശങ്ങളില്‍ കൂട് വച്ചിരിക്കുന്ന ചോരകുടിയന്മാരായ മൂട്ടക്കൂട്ടത്തിന്റെ കൂട്ടായ ആക്രമത്തില്‍ നിന്ന് രക്ഷ ലഭിക്കുമോ? 
ആത്മഹത്യ ചെയ്യാനും വേണ്ടേ ആരോഗ്യം? വേണം.. 
ഈ വാതായനങ്ങളെ മറി കടന്നു മരണം പതുക്കെ കടന്നു വരുന്ന വരെ ഈ കിടപ്പ് മാത്രം.. 
കൂട്ടിനു മൂത്രം കുതിര്‍ത്തിയ ഈ കിടക്കയും... 

Friday, 6 July 2012

പച്ചെയ് നിറമേ പച്ചെയ് നിറമേ

പച്ചക്കുതിരയെ ദേശീയമൃഗമായി അവരോധിക്കാനുള്ള ഉപാധിയോടൊപ്പം, അവയ്ക്കായി ഒരു സംരക്ഷണകേന്ദ്രം കൂടി തുടങ്ങാനുള്ള പദ്ധതിയെ പ്രതിപക്ഷം പോലും സഹര്‍ഷം സ്വാഗതം ചെയ്തു.. 


ദേഹം മുഴുവന്‍ കാവിയും കറുപ്പും വരകളുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ബംഗാള്‍  കടുവകളെക്കാള്‍   എന്ത് കൊണ്ടും മെച്ചം സുലഭമായി കാണുന്ന പച്ചക്കുതിരകളെ ആദരിക്കുന്നതാണ് എന്നതാണ് ഭരണപക്ഷത്തിന്റെ വാദം.. 
കേരളത്തിന്റെ ആസ്ഥാന മൃഗമായ ആനയെയും, ദേശീയമൃഗമായ കടുവയും തല്ക്കാലം മറന്നേക്കൂ എന്നാണ് അവരുടെ ആവശ്യം.. ദേശീയമൃഗം പച്ചക്കുതിര തന്നെ.. 
പച്ചക്കുതിരയെന്ന ഈ ചങ്ങാതിയുടെ മുഖത്ത് കരി വാരി തേക്കാന്‍ ഈ ദേഹത്തെ അലസനും, സുഖിയനുമാകി ചിത്രീകരിച്ചിരുന്ന പഴങ്കഥകളൊക്കെ ഇനി മേലില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു ഉദാഹരിക്കുന്ന പതിവുകള്‍ മുത്തശ്ശിമാരും, മാതാപിതാക്കളും നിറുത്തേണ്ടതാണ് എന്ന നിയമം നടപ്പില്‍ വരുത്തണമോ എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നുണ്ട്.. 

കൂട്ടത്തില്‍ ദേശീയപക്ഷിയായ മയിലിനും വിശ്രമം കൊടുത്താലോ എന്നൊരാലോചന സര്‍ക്കാരിന്റെ കര്‍മ പദ്ധതിയില്‍ ഉണ്ട്.. 

പച്ചപനങ്കിളിയായ തത്തമ്മയാണ് ഇനി നമ്മുടെ ദേശീയപക്ഷി.. 
സര്‍കാരിന്റെ ഈ രണ്ടു പുതിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വഴിയരികില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പറയാന്‍ തത്തമ്മയെ ഉപയോഗിക്കുന്നവര്‍, ആ തൊഴില്‍ ഉപേക്ഷിക്കുകയോ, തത്തമ്മക്ക് പകരം കാക്ക, പ്രാവ് തുടങ്ങിയ പക്ഷികളെയോ, എന്തിനധികം പറയുന്നു, മയിലിനെ  വരെയോ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്..  . 


പച്ചക്കറി വിപണനരംഗത്തും  ചില ഭേദഗതികള്‍ നടപ്പിലാക്കാന്‍ പ്രസ്തുത സര്‍ക്കാരിനുദ്ദേശമുണ്ട്.. പച്ച നിറമുള്ള പച്ചക്കറികള്‍ - കക്കിരിക്ക (പച്ച മാത്രം), പച്ച ചീര, കുമ്പളങ്ങ, മുരിങ്ങക്കായ തുടങ്ങിയ കാര്‍ഷിക വിളകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, തദ്വാരാ, ഇവയുടെ കൃഷിയും, വിളവെടുപ്പും, ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്.. 
ദേശീയ നിറമായി പച്ചയെ പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നമ്മുടെ ബഹുമാന്യനായ മന്ത്രി  അവര്‍കള്‍ നമ്മള്‍ വിഡ്ഢികളായ വോട്ടെര്‍മാരെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.. 
നമുക്കിനി പച്ച മനുഷ്യരായി മുന്നേറാം... 

ജയ് ഹിന്ദ്‌...